തൊടുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരെ അടിയന്തരമായി നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡ് ബ്രിഗേഡിലെ പിരിച്ചു വിട്ട ജീവനക്കാർക്ക് പകരം ആളെ നിയമിക്കണം. കൊവിഡ് ബ്രിഗേഡ് വഴി നിയമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ഒന്നും രണ്ടും തരംഗം അതിജീവിച്ചത്. മൂന്നാം തരംഗത്തിൽ വ്യാപനം രൂക്ഷമാകുമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ജീവനക്കാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകാത്തത് ഖേദകരമാണ്. കൊവിഡിനെ നേരിടാൻ ആശുപത്രികൾ സുസജ്ജമെന്ന് പറയുമ്പോഴും വേണ്ടത്ര ജീവനക്കാരില്ലെന്നത് ബന്ധപ്പെട്ടവർ കണ്ടില്ലെന്നു നടിക്കുകയാണ്. അടിയന്തരമായി ജീവനക്കാരെ നിയമിച്ച് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കൊവിഡ് പ്രതിരോധം പാളുകയാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.