തൊടുപുഴ: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇടുക്കി ജില്ല ഇന്ന് അമ്പതാം പിറന്നാളിന്റെ മധുരം നുണയുകയാണ്. അരനൂറ്റാണ്ടായെങ്കിലും യുവത്വത്തിന്റെ സൗന്ദര്യത്തിലും ചുറുചുറുക്കിലുമാണ് ഈ മിടുക്കി. 1972 ജനുവരി 24 ന് പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനമനുസരിച്ച് 1972 ജനുവരി 26 ന് ഇടുക്കി ജില്ല നിലവിൽ വന്നു. മലയിടുക്ക് എന്നർത്ഥമുള്ള ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലയ്ക്ക് വന്നത്. രൂപീകൃത കാലഘട്ടത്തിൽ 'ഇടിക്കി' എന്ന് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിരുന്നത് തിരുത്തി 'ഇടുക്കി' എന്നാക്കി മാറ്റി റവന്യു വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനുവരി 11നാണ്. 4358 ച.കി.മീ വിസ്തീർണ്ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. ജില്ല രൂപീകൃതമായപ്പോൾ ആസ്ഥാനം കോട്ടയമായിരുന്നെങ്കിലും പിന്നീട് കുയിലിമലയിലേയ്ക്ക് മാറ്റപ്പെട്ടു. തുടക്കത്തിൽ വിരലിലെണ്ണാവുന്ന ആഫീസുകളാണ് ജില്ലാ ആസ്ഥാനത്തു ഉണ്ടായിരുന്നതെങ്കിൽ ഇന്നിപ്പോൾ 25 ലധികം സർക്കാർ ആഫീസുകൾ പ്രവർത്തിച്ചുവരുന്നു. 2011ലെ സെൻസസ് പ്രകാരം ഇടുക്കിയിലെ ജനസംഖ്യ 11,08,974 ആണ്. വനവിസ്തൃതി കൂടിയ ഇവിടെ ജനസാന്ദ്രത 254 ആണ്. ജനസംഖ്യ വളർച്ചാ നിരക്ക് നെഗറ്റീവ് ആണെന്നതാണ് പ്രധാന പ്രത്യേകത. 1972 ജനുവരി 26 മുതൽ 1975 ആഗസ്റ്റ് 19 വരെ തുടർന്ന ആദ്യ കളക്ടറായ ഡോ. ഡി. ബാബുപോൾ മുതൽ 40 കളക്ടർമാർ ജില്ലയിൽ സേവനമനുഷ്ഠിച്ചു. 40-ാമത്തെ ജില്ലാ കളക്ടറായ ഷീബാ ജോർജ് ജില്ലയിലെ ആദ്യത്തെ വനിതാ കളക്ടർ.
പ്രകൃതി താണ്ടവമാടിയ 2018 ലും 2019 ലും ഉണ്ടായ അപ്രതീക്ഷിത പ്രളയവും ഇപ്പോഴും തുടരുന്ന കൊവിഡ് മഹാമാരിയും ജില്ലയുടെ വികസന ചക്രം പികോട്ടു തിരിക്കാൻ പോന്നതെങ്കിലും റീബിൽഡ് കേരള പദ്ധതിയും നവകേരളത്തിന്റെ നാലു യജ്ഞങ്ങളും കാരിരുമ്പിന്റെ കരുത്തുള്ള കർഷക മനസിന്റെ അതിജീവന പോരാട്ടവുമെല്ലാം ഇടുക്കിയുടെ കുതിപ്പിന് കോട്ടം തട്ടാതെ മുന്നോട്ടു നയിക്കുന്നു.
ചരിത്രത്തിലെ ഇടുക്കി
ഇടുക്കിയിലെ മൂടൽമഞ്ഞു പോലെ ജില്ലയുടെ ചരിത്ര പൈതൃകമെന്ത് എന്നതിന് ഇന്നും കൃത്യമായ പഠനരേഖകളില്ല. സംഘകാലകൃതികളിലെ ചില പരാമർശങ്ങൾ ഇടുക്കിയുടെ ചില പ്രദേശങ്ങൾക്ക് തമിഴ് ബന്ധത്തിന് സൂചന നൽകുന്നെങ്കിലും കുടിയേറ്റ ജനതയുടെ ചരിത്രമാണ് ഇവിടെ കരുത്താർജ്ജിച്ചിട്ടുള്ളത്. എ.ഡി 800 മുതൽ 1100 വരെ ഇടുക്കി വെമ്പൊലി നാടിന്റെ ഭാഗമായിരുന്നു. വടക്കുംകൂർ, തെക്കുംകൂർ എന്നീ നാട്ടുരാജ്യങ്ങൾ നിലവിൽ വന്നപ്പോൾ ഇടുക്കി മലകൾ ഈ രണ്ട് നാടുകളും പകുത്തെടുത്തു. വടക്കുംകൂർ രാജാവ് പെരുമ്പടപ്പ് സ്വരൂപത്തിന്റെ സാമന്തര രാജാവായിരുന്നെന്ന് കൊച്ചി രേഖകൾ പറയുന്നു. തൊടുപുഴ കാരിക്കോടിലേയ്ക്ക് വടക്കുംകൂർ രാജാവ് തങ്ങളുടെ കേന്ദ്രം മാറ്റി. വടക്കുംകൂറിന്റെ മണ്ണിൽ അഭയാർത്ഥിയായി എത്തിയ രാജകുടുംബാംഗമായ മാനവിക്രമ കുലശേഖരൻ, തെക്കുംകൂറിൽ നിന്ന് ഇടുക്കി മലനിരകളും പൂഞ്ഞാർ മേഖലയും വിലയ്ക്ക് വാങ്ങി. ഇതോടെ പൂഞ്ഞാർ രാജവംശം ഭരണാധികാരമാരംഭിച്ചെങ്കിലും മാർത്താണ്ഡവർമ്മയുടെ ആക്രമണത്തിൽ വടക്കുംകൂറും തെക്കുംകൂറും കട പിഴുകി. ബ്രിട്ടീഷുകാരുടെ വരവുവരെ ഇടുക്കി മണ്ണിന്റെ ഉടമകളുടെ ചരിത്രാവലി ഇങ്ങനെയാണ്. പൂഞ്ഞാർ രാജാവിൽ നിന്ന് 5000 രൂപയ്ക്ക് മൺറോ സായിപ് മൂന്നാർ മലകൾ പാട്ടത്തിന് വാങ്ങിയതോടെ കോളനിക്കാലം ആകുന്നെങ്കിലും ഇതെല്ലാം ഈ മണ്ണു ഭരിച്ചവരുടെ കഥകൾ മാത്രമാണ്.
ജീവിതം നട്ടു കരുപ്പിടിപ്പിച്ചവർ
പഴംകഥകളുടെ ചരിത്രാവശേഷിപ്പുകളിൽ ചിലത് ഇപ്പോഴുമുണ്ടെങ്കിലും ഇവിടെ ജീവിതം നട്ടു കരുപ്പിടിപ്പിച്ചവരുടെ ചരിത്രം കുടിയേറ്റ കർഷകന്റെ തന്നെയാണ്. കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ഉയർത്തെണീപ്പിന്റെയും ചരിത്രമാണ് ഇടുക്കിയിലേത്. 1930ലുണ്ടായ ആഗോള ഭക്ഷ്യക്ഷാമമാണ് ഇടുക്കിയിലേക്കുള്ള കർഷക കുടിയേറ്റത്തിന് കാരണമായത്. ഭക്ഷ്യക്ഷാമം കേരളത്തെയും പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യവിഭവങ്ങൾക്കായി കൃഷി വ്യാപകമാക്കാനും തരിശ് നിലങ്ങളിലും അതുവരെ കൃഷിക്ക് ഉപയുക്തമാക്കാത്തതുമായ പ്രദേശങ്ങളിൽ കൃഷിയിറക്കാനും അന്നത്തെ ഭരണസംവിധാനം പ്രോത്സാഹന പദ്ധതികളാരംഭിച്ചു. ഇടുക്കിയിലെ വനഭൂമിയിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ സർക്കാർ രേഖാമൂലം അനുവാദം നൽകുന്നത് ഈ കാലയളവിലായിരുന്നു. നെല്ലും ചോളവും തിനയും റാഗിയുമുൾപ്പെടെയുള്ള ഭക്ഷ്യ വിളകൃഷിയ്ക്കാണ് അന്ന് പ്രാധാന്യം നൽകിയിരുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഊർജ്ജിത ഭക്ഷ്യോത്പാദന പദ്ധതി പ്രകാരവും 1954ൽ ഹൈറേഞ്ച് കോളനൈസേഷൻ പദ്ധതി പ്രകാരവും ആളുകൾ ജില്ലയിലേക്ക് കുടിയേറപ്പെട്ടു. പ്രതികൂല കാലാവസ്ഥയും വന്യജീവി ശല്യവും വനപ്രദേശങ്ങളിലെ ദുസഹജീവിതവും കുടിയേറ്റ കർഷകന്റെ ദൈന്യംദിന ജീവിതം പ്രതിസന്ധിയിലാക്കി. ഏറുമാടത്തിലും ആലപ്പുരയിലുമായി താമസിച്ചും നെല്ലും കപ്പയും കാച്ചിലും ചേമ്പുമെല്ലാം നട്ടുവളർത്തി വിളവെടുത്തും കന്നുകാലി വളർത്തിയുമെല്ലാം അവർ അതിജീവനത്തിനായി പടപൊരുതി. പിന്നീട് നടന്ന പട്ടിണി മാർച്ചും കുടിയിറക്കുമായി ബന്ധപ്പെട്ട എ.കെ.ജിയുടെ അമരാവതി സമരവുമെല്ലാം കുടിയേറ്റ ജനതയുടെ അവകാശപോരാട്ടങ്ങളുടെ ഓർമകളാണ്.
വെളുത്തുള്ളി മുതൽ ശർക്കര വരെ
ആദ്യകാലത്ത് തന്നാണ്ട് ഭക്ഷ്യ വിളകളാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കിൽ പിന്നീടിങ്ങോട്ട് കുരുമുളക്, ഏലം, തേയില, കാപ്പി, ജാതി, തെങ്ങ്, റബർ, തുടങ്ങിയ സുഗന്ധ, നാണ്യവിളകളുൾപ്പെടെയുള്ള സമ്മിശ്ര കൃഷിയാൽ സമൃദ്ധമാണ് ഇന്ന് ഇടുക്കി. സംസ്ഥാനത്ത് വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ലയെന്ന ഖ്യാതിയും ഭൗമ സൂചികാ പദവി ലഭിച്ച മറയൂർ ശർക്കരയും ഇടുക്കിയുടെ പ്രത്യേകതകളാണ്.
ലോകടൂറിസം ഭൂപടത്തിൽ ഒന്നാമത്
വിനോദ സഞ്ചാര മേഖലയിലും ലോക ഭൂപടത്തിൽ ഇടം നേടിയ നാടാണ് ഇടുക്കി. ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതുമായ ഇടുക്കി ആർച്ച് ഡാം, തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ, അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കേരളത്തിന്റെ സ്വിറ്റ്സർലന്റായ വാഗമൺ, വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷിത കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം, കുറിഞ്ഞിമല കാനായി കുഞ്ഞിരാമന്റെ കരവിരുതിൽ വിരിഞ്ഞ കുറവൻ കുറത്തി ശില്പവും കൂറ്റൻ മലമുഴക്കി വേഴാമ്പൽ വാച്ച്ടവറും, നിലയ്ക്കാതെ വീശുന്ന കാറ്റും തമിഴ്നാടിന്റെ ദൃശ്യഭംഗിയും ആസ്വദിക്കാവുന്ന രാമക്കൽമേട്, പാഞ്ചാലിമേട്, ആനയിറങ്കൽ, മാട്ടുപ്പെട്ടി, തൂവൽ, തൂവാനം, കുത്തുങ്കൽ വെള്ളച്ചാട്ടങ്ങൾ, അരുവിക്കുഴി തുടങ്ങി ചെറുതും വലുതുമായ നിരവധി ടൂറിസം കേന്ദ്രങ്ങളാണ് ആഭ്യന്തര, വിദേശ സഞ്ചാരികൾക്കായി പ്രകൃതി ഭംഗിയൊരുക്കി ഇടുക്കിയിലുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ജലവൈദ്യുത പദ്ധതികളുമുള്ള ജില്ല എന്ന പ്രത്യേകതയും ഇടുക്കിയ്ക്ക് സ്വന്തമാണ്.
സിനിമാക്കാരുടെ കോടമ്പാക്കം
വാഗമണ്ണും തേക്കടിയും മൂന്നാറുമൊക്കെ ഇന്ത്യൻ സിനിമകളിലെ സ്ഥിരം ലൊക്കേഷനുകളായിരുന്നെങ്കിൽ ഇപ്പോൾ മലയാള സിനിമയുടെ കോടമ്പാക്കമായി ഇടുക്കി മാറി. അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശേരിയുടെ 'ചുരുളി' കുളമാവിന്റെ ദൃശ്യ വിസ്മയമാണ്. മമ്മൂട്ടി നായകനായ 'ലൗഡ് സ്പീക്കർ' തോപ്രാംകുടിയിലും ദിലീപ് നായകനായ 'വിനോദയാത്ര' മൂലമറ്റത്തും 'ലൈഫ് ഓഫ് ജോസൂട്ടി' അയ്യപ്പൻകോവിലിലുമാണ് ചിത്രീകരിച്ചത്. ജയറാമിന്റെ 'വെറുതെയല്ല ഭാര്യ' ഇടുക്കി പട്ടയം കവലയിലും മോഹൻലാലിന്റെ 'രസതന്ത്രവും 'ദിലീപിന്റെ 'കുഞ്ഞിക്കൂനനും' അറക്കുളത്തും ചിത്രീകരിച്ചിരുന്നു. ഹിറ്റ് സിനിമകളായിരുന്ന 'ദൃശ്യവും ''വെള്ളിമൂങ്ങയും' തൊടുപുഴയുടെയും കുടയത്തൂരിന്റെയും സൗന്ദര്യം മികവോടെ അവതരിപ്പിച്ചവയാണ്. ബ്ലെസിയുടെ 'കാഴ്ച'യും 'പളുങ്കും' ഇടുക്കിയുടെ വശ്യ സൗന്ദര്യത്തിൽ രൂപപ്പെടുത്തിയതാണ്. മോഹൻലാലിന്റെ 'ഭ്രമരം' മറയൂരിന്റെ സംഭാവനയാണ്. സുരേഷ് ഗോപിയുടെ 'ലേല'ത്തിനും ഫഹദ് ഫാസിലിന്റെ 'ഇയ്യോബിന്റെ പുസ്തകത്തിനും' മികവ് പകർന്നത് വാഗമണ്ണും ഏലപ്പാറയുമാണ്. ആട് ഒരു ഭീകര ജീവിയാണ്, പാപ്പി അപ്പച്ചാ, ഇവിടം സ്വർഗമാണ്, മേരിക്കുണ്ടൊരു കുഞ്ഞാട്, എൽസമ്മ എന്ന ആൺകുട്ടി, ഓം ശാന്തി ഓശാന, സ്വർണ കടുവ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സ്വപ്ന സഞ്ചാരി, തോപ്പിൽ ജോപ്പൻ, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഓർഡിനറി, ജനപ്രിയൻ, ആടുപുലിയാട്ടം, ജോസഫ്, പ്രീസ്റ്റ്, ലൂസിഫർ തുടങ്ങി ഇടുക്കിയിലെ പ്രകൃതി മനോഹര ദൃശ്യങ്ങൾ പ്രധാന കഥാപാത്രങ്ങളായ സിനിമകൾ ഒട്ടേറെയുണ്ട്.
ഇടുക്കി ജില്ല
ആകെ പഞ്ചായത്തുകൾ- 52
ബ്ലോക്ക് പഞ്ചായത്തുകൾ- 8
നഗരസഭ- 2 (തൊടുപുഴ, കട്ടപ്പന)
നിയമസഭാ മണ്ഡലങ്ങൾ- 5 (തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, ദേവികുളം)
ലോക്‌സഭാ മണ്ഡലം- 1
പ്രധാന അണക്കെട്ടുകൾ
മുല്ലപ്പെരിയാർ, ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ, മലങ്കര, കുണ്ടള, മാട്ടുപ്പെട്ടി, ചെങ്കുളം, ആനയിറങ്കൽ, പൊൻമുടി, കല്ലാർകുട്ടി, കല്ലാർ, ഇരട്ടയാർ.