
കട്ടപ്പന: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ എട്ട് ജീവനക്കാർക്ക്കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലായി.കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായ മൂന്നു പേർ, പീഡിയാട്രീഷൻ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ,ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളും അല്ലാത്തവരും വലിയ തോതിൽ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എട്ടു ജീവനക്കാർക്ക് കോവിഡ് സ്ഥിരികരിച്ചത് ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രതിസന്ധിയാകും.
• ആശുപത്രിയിലെത്തുന്നവരിൽ
നിന്നും രോഗം പകരുന്നു
രോഗം തിരിച്ചറിയാതെയോ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെയോ ആശുപത്രിയിലെത്തിയവരിൽ നിന്നാണ് ജീവനക്കാർക്ക് കൊവിഡ് പകർന്നതെന്നാണ് കരുതുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരും അവരുമായിസമ്പർക്കത്തിലേർപ്പെടുന്നവരുമാണ് രോഗബാധിതർ. കാഷ്വാലിറ്റിയിലേയ്ക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗിയുമായി എത്തുന്നവർ പലപ്പോഴും വേണ്ടത്ര ജാഗ്രത പാലിക്കാറില്ല. മാസ്‌ക് ധരിക്കാറുണ്ടെങ്കിലും പലരും ഇത് കൃത്യമായി ധരിക്കാറില്ല .സംസാരിക്കുമ്പോൾ മുഖത്തു നിന്നും മാസ്‌ക് മാറ്റി സംസാരിക്കുന്നവരാണ് ഏറെയും.പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിലും ഇവ കാര്യമാക്കാതെ ക്യാഷ്യാലിറ്റിയിലേയ്ക്ക് രോഗിയ്‌ക്കൊപ്പം ഒന്നിൽ കൂടുതൽ ആളുകൾ ഇടിച്ച് കയറുകയാണ് പതിവ്.ഒരു സെക്യുരിറ്റി ജീവനക്കാരൻ മാത്രമുള്ളതിനാൽ കൃത്യമായ നിയന്ത്രണം നടക്കാറുമില്ല. ആതൂര സേവനരംഗത്ത് പ്രവർത്തിക്കുന്നവർ കോവിഡ് ബാധിതരാകുന്നത് ആ പ്രദേശത്തെ ചികിത്സാരംഗത്ത് അവതാളത്തിലാക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഇരട്ടി ജോലി ഭാരത്തിലാണ് മിക്ക ആശുപത്രിയിലും ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ള ജീവനക്കാർ ജോലി ചെയ്യുന്നത്.ആശുപത്രിയിലെത്തുന്നവരുടെ അശ്രദ്ധമൂലം ജീവനക്കാർ രോഗബാധിതരാകാതെ നോക്കണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആശുപത്രി
പ്രവർത്തനത്തിൽ മാറ്റം
ജീവനക്കാർ പലരും കൊവിഡ് ബാധിതരും മറ്റ് പലരും നീരീക്ഷണത്തിലുമായതോടെ താലൂക്ക് ആശുപത്രിയുടെ നിലവിലെ പ്രവർത്തനത്തിൽ മാറ്റം വരുത്തിയതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒ.പി ഇനി തൽക്കാലത്തേയ്ക്ക് ഉണ്ടാവില്ല. പകരം പനി ഉള്ളവർക്കും അല്ലാത്തവർക്കുമായി രണ്ട് ഒ.പിയായി പ്രവർത്തിക്കും.
ഓപ്പറേഷൻ തിയറ്റർ താൽക്കാലികമായി അടയ്ക്കും.എന്നാൽ ഏറെ ആളുകൾ ആശ്രയിക്കുന്ന ഡയാലിസിസ് സെന്റർ മുടക്കമില്ലാതെ പ്രവർത്തിക്കും.
• പരിശോധനാ ദിവസം വർദ്ധിപ്പിക്കുന്നത്
പരിഗണനയിൽ
കൊവിഡ് പരിശോധന ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ജീവനക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് പരിഗണിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. നിലവിൽ രണ്ടു ദിവസമാണ് പരിശോധന നടക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന മുറയ്ക്ക് പരിശോധനയും വർദ്ധിപ്പിക്കാനാണ് തീരുമാനം.കൊവിഡ് പരിശോധനകൾക്കായി മറ്റുള്ള പഞ്ചായത്തുകളിൽ നിന്നുള്ള ആളുകൾ അടക്കം ആശ്രയിക്കുന്ന കേന്ദ്രമാണ് താലൂക്ക് ആശുപത്രി.