coffi
കാപ്പിച്ചെടി

കട്ടപ്പന: മാനം തെളിഞ്ഞതോടെ ഹൈറേഞ്ചിൽ കാപ്പി ചെടികൾ പൂവിട്ടു തുടങ്ങി. ആദ്യ ഘട്ട വിളവെടുപ്പിനു പിന്നാലെയാണ് കാപ്പി കൃഷി ഏറെയുള്ള പാമ്പാടുംപാറ ,ചപ്പാത്ത്, മേട്ടുക്കുഴി ,ഉപ്പുതറ, ആലടി പ്രദേശത്ത് ചെടികൾ പുഷ്പിച്ചു തുടങ്ങിയത്. കാപ്പി കൃഷി വ്യാപകമായിട്ടുള്ള ഹൈറേഞ്ചിലെ മറ്റു പ്രദേശങ്ങളിലും കാപ്പി ചെടികൾ പൂവിട്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കാപ്പി ചെടികൾ പൂവിട്ടതിനു പിന്നാലെ ശക്തമായ മഴയുണ്ടായത് ഉത്പ്പാദനക്കുറവിന് കാരണമായിരുന്നു. ഇടവേളയില്ലാതെ ചെയ്ത മഴയിൽ പൂക്കൾ വ്യാപകമായി കൊഴിഞ്ഞു പോയതിനാലാണ് കായ് ഫലം കുറഞ്ഞത്.എന്നാൽ ഇത്തവണ വിളവെടുപ്പിനു പിന്നാലെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുകയും പുലർച്ചെ നല്ല തോതിൽ മഞ്ഞുണ്ടാകുകയും ചെയ്തതാണ് കാപ്പിക്ക് ഗുണമായത്. സീസണിൽ കാപ്പിക്കുരുവിന് ഭേദപ്പെട്ട വില ലഭിച്ചതും കർഷകർക്ക് ആശ്വാസമായി. കാപ്പി ഒഴികെയുള്ള വിളകൾക്ക് വില ലഭിക്കുകയും കാപ്പിക്കുരുവിന് വില ഉയരാതിരിക്കുകയും ചെയ്തത് കഴിഞ്ഞ ചില വർഷങ്ങളായി കാപ്പി കർഷകരെ ദുരിതത്തിലാക്കിയിരുന്നു.എന്നാൽ ഇത്തവണ കാപ്പിക്കുരുവിന് 80 മുതൽ 85 രൂപവരെയും കാപ്പി പരിപ്പിന് 135-140 രൂപ വരെയും വില ലഭിച്ചു.നിലവിൽ ഹൈറേഞ്ച് മേഖലയിൽ കാപ്പി വിളവെടുപ്പ് ഏറെകുറെ പൂർത്തിയായിട്ടുണ്ട്. കാപ്പി പൂവിട്ടതോടെ കർഷകരും പ്രതീക്ഷയിലാണ്.