മലങ്കര: ദുർഗന്ധം വമിക്കുന്ന അഴുകിയ ഇറച്ചി പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് റോഡരുകിൽ തള്ളി. മലങ്കര പെരുമറ്റം കനാലിന് സമീപമായാണ് തള്ളിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിൽ ഇത്‌ വഴി കടന്ന് പോയ കച്ചവടക്കാർ തള്ളിയതാവാം എന്ന് പറയുന്നു. ഈച്ചയും പുഴുക്കളും നിറഞ്ഞ ദുർഗന്ധം വമിക്കുന്ന ഇറച്ചിയുടെ ആവശിഷ്ടങ്ങൾ തെരുവ് നായ്ക്കൾ വലിച്ചിഴച്ച് സമീപത്തുള്ള കനാലിലെ വെള്ളത്തിലേക്ക് വ്യാപിച്ചിട്ടുമുണ്ട്. ഏതാനും ദിവസം മുൻപ് അഴുകി ദുർഗന്ധം വമിക്കുന്ന കറിപൗഡറിന്റെ ആവശിഷ്ടങ്ങൾ മലങ്കര അണക്കെട്ടിന് സമീപം കനാലിന്റെ തീരത്ത് തള്ളിയിരുന്നു. പെരുമറ്റം, ശങ്കരപ്പള്ളി, തുടങ്ങാനാട്, വള്ളിപ്പാറ,മലങ്കര അണക്കെട്ടിന്റെ തീരങ്ങൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ശൗചാലയ മാലിന്യം ഉൾപ്പെടെ വ്യാപകമായി തള്ളുന്നത് പതിവായിരുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ ചെയ്യുന്നത് രാത്രി കാലങ്ങളിലാണ് എന്നതിനാൽ ഇത്‌ ചെയ്യുന്നത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്ത്‌, പൊലീസ് അധികൃതരുടെ ശക്തമായ ഇടപെടലിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുകയും പിഴ, കേസ് കോടതിക്ക് കൈമാറൽ എന്നിങ്ങനെ നിയമ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് മാലിന്യം തള്ളൽ ഇടക്കാലത്ത് കുറഞ്ഞിരുന്നു.