വഴിത്തല: വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. ഇന്നലെ പുലർച്ചെ ഒന്നോടെ വഴിത്തല കുരിശുങ്കൽ ഡോ. അതുൽ ജോയിയുടെ കെ.എൽ 35 എച്ച് 8397 നമ്പർ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് ബൈക്കാണ് അപഹരിച്ചത്. വീടിന് സമീപമുള്ള കെട്ടിടത്തോട് ചേർന്നുള്ള ഷെഡിലായിരുന്നു വെറ്ററിനറി ഡോക്ടറായ അതുൽ ബൈക്ക് പാർക്ക് ചെയ്തിരുന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് വാഹനത്തിന്റെ ലോക്ക് തകർത്ത് കടത്തിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ലോക്ക് തകർത്തതിന് ശേഷം പുറത്തു പോയി വന്ന് ബൈക്ക് തള്ളി പുറത്തിറക്കി സ്റ്റാർട്ടാക്കി തൊടുപുഴ ഭാഗത്തേയ്ക്ക് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. പരാതി നൽകിയതിനെ തുടർന്ന് തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.