ഇടുക്കി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇടുക്കി യൂണിയൻ. കാൽനൂറ്റാണ്ടു കാലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച വെള്ളാപ്പള്ളി നടേശൻ യോഗത്തെ അജയ്യശക്തിയാക്കി മാറ്റിയതായി ഇടുക്കി യൂണിയൻ നേതൃയോഗം വിലയിരുത്തി. ശാഖകളുടെയും യൂണിയനുകളുടെയും യോഗത്തിന്റെയും പ്രവർത്തനത്തിന് ഏകോപനം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. നിരവധി ജനക്ഷേമകരമായ കർമ്മ പദ്ധതികളും നടപ്പിലാക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പിലും വാർഷിക യോഗത്തിലും മുൻഗാമികൾ അവലംബിച്ചിട്ടുള്ള രീതിയാണ് അദ്ദേഹം തുടർന്നിട്ടുള്ളത്. സമുദായത്തെ ആത്മീയമായും ഭൗതികമായും വളർത്തിയ ജനറൽസെക്രട്ടറിക്കെതിരായ ചില കേന്ദ്രങ്ങളിൽ നിന്നുള്ള നീക്കങ്ങൾ എന്ത് വില കൊടുത്തും ചെറുക്കും. ഈ സാഹചര്യത്തിലാണ് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വെള്ളാപ്പള്ളി നടേശന് പരിപൂർണപിന്തുണ പ്രഖ്യാപിച്ചത്. യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.പി. ഉണ്ണി, കൗൺസിൽ അംഗങ്ങളായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടി, അനീഷ് പാച്ചിലാംകുന്നേൽ, പഞ്ചായത്ത് കമ്മിറ്റിയംഗം ഷീല രാജീവ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിനീഷ് കോട്ടൂർ, സെക്രട്ടറി ടി.ആർ. അനു, കേന്ദ്രകമ്മിറ്റിയംഗം ജോമോൻ കണിയാൻകുടി, വൈദിക സമിതി പ്രസിഡന്റ് മഹേന്ദ്രൻ ശാന്തി, സെക്രട്ടറി പ്രമോദ് ശാന്തി, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ സെക്രട്ടറി മിനി സജി എന്നിവർ പങ്കെടുത്തു.