തൊടുപുഴ: എൻ.എച്ച്185 അടിമാലി കുമളി ദേശീയപാത അന്തർദേശീയ നിലവാരത്തിൽ വികസിപ്പിക്കുന്നതിന് ആദ്യ പടിയായി നവീകരണത്തിന് കേന്ദ്രഉപരിതല ഗതാഗത വകുപ്പിൽ നിന്നും 60 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. . എൻ.എച്ച്185 വികസനവും കട്ടപ്പന, ചെറുതോണി ബൈപ്പാസ് നിർമ്മാണത്തിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിക്ക് നൽകിയ കത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥലം ഏറ്റെടുപ്പിനാണ് ആദ്യ ഘട്ടം തുകയായി 2021-22 ദേശീയപാത വാർഷിക പദ്ധതിയിൽപ്പെടുത്തി 60 കോടി അനുവദിച്ചിട്ടുള്ളത്. 3 ഘട്ടങ്ങളായുള്ള ഭൂമിമേറ്റെടുക്കലിന് 152 കോടി രൂപയാണ് ആകെ കണക്കാക്കിയിട്ടുളളത്. 3 (എ )നോട്ടിഫിക്കേഷൻ അടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടതായ സ്ഥലം നഷ്ടപരിഹാര തുക കൈമാറി വകയിരുത്തേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇപ്പോൾ ഭൂമി ഏറ്റെടുക്കലിനായുളള ഉദ്യോഗസ്ഥ നിയമനം ആയിട്ടുണ്ട്. ചെറുതോണിക്കും കട്ടപ്പനയ്ക്കും ബൈപ്പാസ് അനുവദിക്കണമെന്നുളള നിർദേശം മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി നിതിൻ ഗഡ്കരി ഡീൻ കുര്യാക്കോസ് എം.പി.യെ അറിയിച്ചു.