കട്ടപ്പന: തേയില ഉൾപ്പടെയുള്ള വിവിധ കാർഷിക ബോർഡുകളുടെ ഘടനാമാറ്റത്തിന് തുനിയുന്ന കേന്ദ്ര സർക്കാർ നടപടിയിൽ ആശങ്കയോടെ ചെറുകിട കർഷകർ. സർക്കാർ നീക്കം അടിയന്തിരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനാ നേതാക്കൾ രംഗത്തു വന്നുകഴിഞ്ഞു. കാർഷിക ബോർഡിന്റെ ഘടനാമാറ്റം എങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ രൂപരേഖ പുറത്തുവന്നിട്ടില്ല. എങ്കിലും ആസിയാൻ, ഗാട്ടു കരാറുകൾ പോലെ കർഷക വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന ഫലങ്ങൾ ഇതിലും സംഭവിക്കുമോയെന്നാണ് കർഷകർ ഭയക്കുന്നത്.
വില തകർച്ചയിൽ നിന്നും ഉല്പാദന തകർച്ചയിൽ നിന്നും തേയില ഉൾപ്പെടെയുള്ള കർഷകർ ഇപ്പോഴും കരകയറിയട്ടില്ല. ഏലം മുമ്പെങ്ങുമില്ലാത്ത വിധം തകർച്ചയിലേയ്ക്ക് കൂപ്പുകുത്തി. പച്ചക്കൊളുന്തിന്റെ വില തകർച്ച മാറ്റമില്ലാതെ തുടരുന്നു. കാപ്പിക്കും കുരുമുളകിനും അൽപം ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ വലിയ തോതിൽ ഉല്പാദന കുറവ് അനുഭവപ്പെടുന്നുണ്ട്.
തൊഴിലാളി ക്ഷാമവും വളത്തിന്റെ വിലകയറ്റവും
മിക്കയിടങ്ങളിലും കാർഷിക മേഖലയിലേയ്ക്ക് തൊഴിലാളികളെ കിട്ടാനില്ലാതായി. കിട്ടുന്നവർക്കാണെങ്കിൽ ചോദിക്കുന്ന കൂലി നൽകി ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തിക്കേണ്ടവരും. ഇതിനൊപ്പം അനുദിനം കുതിക്കുന്ന വളം, കീടനാശിനികളുടെ വില വർദ്ധനവ് കൂടിയാകുന്നതോടെ ചെറുകിട കർഷകന് കാർഷികവൃത്തിയുമായി മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്.
നിലവിലെ പരിഷ്‌കാരങ്ങളും കർഷക വിരുദ്ധ നയങ്ങളും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന സാധാരണ കർഷകനെ ഇനിയും പുതിയ പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിച്ച് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കരുതെന്നാണ് അഭിപ്രായം.
അന്യായമായ ഇറക്കുമതിയും വിളനാശവും വിലയിടിവും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കർഷകരെ വീണ്ടും ദുരിത്തിലാക്കുന്ന കാർഷിക ബോർഡിന്റെ ഘടനാമാറ്റം അടിയന്തിരമായി പിൻവലിക്കണം. ഏതു രാജ്യത്തു നിന്നും എപ്പോൾ വേണമെങ്കിലും നികുതി രഹിതമായും നിയന്ത്രണമില്ലാതെയും തേയിലപ്പൊടി യഥേഷ്ടം ഇറക്കുമതി ചെയ്യാൻ കോർപ്പറേറ്റുകൾക്കും വൻകിട കമ്പനികൾക്കും അനുമതി നൽകാനുള്ള തേയില ബില്ല് പിൻവലിക്കണം. തേയില കർഷകർക്ക് തേയില ബോർഡിലുള്ള നാമമാത്രകമായ പ്രാതിനിധ്യം പോലും ഇല്ലാതാക്കുന്ന വിവിധ ബോർഡുകളുടെ ഘടനാമാറ്റം നടപ്പാക്കാനുള്ള ബില്ല് പിൻവലിക്കണം.
വൈ.സി സ്റ്റീഫൻ
ചെറുകിട തേയില കർഷക ഫെഡറേഷൻ
സംസ്ഥാന പ്രസിഡന്റ്