
• പ്രതിരോധ മന്ത്രാലയത്തിന്റെ വിശിഷ്ട സേവന ബഹുമതി നേടി ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലഫ്. ഡോ.റെജി ജോസഫ്
കട്ടപ്പന: എൻ സി സി യിലെ റെജി സാർ എന്ന് പറഞ്ഞാൽ നാട്ടിൽ അറിയാത്തവരായി ആരുമില്ല.അത്രയ്ക്ക് ജനപ്രിയനാണ് അദ്ദേഹം.സിവിൽ വേഷത്തിൽ എൻ സി സി കുട്ടികളുമൊത്ത് കട്ടപ്പന പട്ടണത്തിലും ഇരട്ടയാർ ടൗണിലും സന്നദ്ധ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ ജീവിതം കൊറോണക്കാലം മുതൽ പിന്നീട് പി പി ഇ കിറ്റിനുള്ളിലായി. കൊവിഡ് ബാധിച്ച് അവശനിലയിലായ സുഹൃത്തിന്റെ മാതാവിനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചതാണ് വഴിത്തിരിവായത്.ദുരന്തകാലത്ത് സഹജീവികളെ പച്ചമനുഷ്യനായി നിന്ന് സഹായിക്കുന്നതാണ് ഏറ്റവും വലിയ അംഗീകാരമെന്ന ചിന്തയാണ് പിന്നീടങ്ങോളുള്ള ഒറ്റയാൾ പോരാട്ടത്തിന് വീര്യം പകർന്നത്‌രോഗം വന്നാൽ വരെട്ടെ നേരിടാമെന്ന് ഉറച്ച് കൊവിഡ് രോഗികളുടെ ക്ഷേമത്തിനായി സമൂഹത്തിലേയ്ക്ക് മുന്നിട്ടിറങ്ങുകയായിരുന്നു അദ്ദേഹം.ഈ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശിഷ്ട സേവന ബഹുമതിയ്ക്ക് റെജി ജോസഫ് അർഹനായത്. വിശിഷ്ട സേവന മെഡൽ നേടുന്ന നാലാമത്തെ മലയാളിയും, ഈ വർഷം കേരളത്തിൽ നിന്നുള്ള ഏകയാളുമാണ് റെജി. ഇരട്ടയാർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പിലായ റെജി ജോസഫ് 33 കേരള ബറ്റാലിയൻ നെടുങ്കണ്ടം എൻ സി സി യൂണിറ്റ് ഓഫീസർ കൂടിയാണ്. ഒന്നാം തരംഗ സമയത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ സാഹചര്യം മനസ്സിലാക്കി സന്നദ്ധ സംഘടനകളുടെ സഹായത്താൽ എക്‌സ്റ്റേണൽ വെന്റിലേറ്റർ കൊവിഡ് കെയർ സെന്ററിലേയ്ക്ക് വാങ്ങി നൽകുവാനും അദ്ദേഹത്തിന് സാധിച്ചു. കൊവിഡ് ബാധിതനായി മരിച്ച വൃദ്ധന്റെ മൃതശരീരം വീട്ടിൽ നിന്നും ഇരുപതേക്കർ പൊതു ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിക്കാൻ നേതൃത്വം നൽകിയതും റെജി ജോസഫാണ്. രക്ത ബന്ധം മാറി നിന്നപ്പോഴാണ് പരിചയം പോലുമില്ലാത്ത റെജി സാർ ആ ദൗത്യം നിർഭയത്തോടെ ഏറ്റെടുത്തത്.വിശ്രമമില്ലാത്ത യാത്രകൾക്കിടയിൽ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധ വസ്തുക്കൾ,വെയിലേറ്റ് നിന്ന പൊലീസ് സേനയ്ക്ക് കുപ്പിവെളളവും,ഭക്ഷണവും എത്തിച്ച് നൽകിയതും മനുഷ്യത്വത്തിന്റെ മറ്റൊരു മുഖമായി.