തൊടുപുഴ: കൊവിഡ് രോഗവ്യാപനം കൂടുന്നതിനാൽ ഇടുക്കി ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതു മൂലം വ്യാപാരികളുടെ നില കൂടുതൽ ദുരിതത്തിലായതായി മർച്ചന്റ്സ് അസോസിയേഷൻ. . നിയന്ത്രണങ്ങൾ മൂലം വ്യാപാരമാന്ദ്യം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ആശ്വാസ പ്രഖ്യാപനങ്ങളും ഉണ്ടാകുന്നില്ല .കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വ്യാപാരികൾക്ക് അനുവദിച്ച പല ഇളവുകളും ഇപ്പോഴും നടപ്പാലാക്കിയിട്ടല്ല.തദ്ദേശ സ്ഥാപനങ്ങളിലെ വാടക,ബാങ്ക് പലിശ എന്നിവയിലെ ഇളവുകൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. വ്യാപാരമേഖലയുടെ ഉണർവിന് തദ്ദേശ സ്ഥാപനങ്ങളിലെ ഉടമസ്ഥയിലും സഹകരണബാങ്കിന്റെ ഉടമസ്ഥതയിലുമുള്ള കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് വാടക ഇളവ് അനുവദിക്കുക,സ്വകാര്യ മേഖലയിലെ കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് 6 മാസത്തെ വാടക ഇളവ് അനുവദിക്കുക, വ്യാപാരികൾ എടുത്തിട്ടുള്ള വായ്പകൾക്കും മറ്റും 6 മാസത്തെ പലിശ ഇളവ് അനുവദിച്ച് കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുന്ന വ്യാപാരസമൂഹത്തെ സർക്കാർ സംരക്ഷിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. . അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ്.പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.