 കുരുക്കിന് പ്രധാന കാരണം അനധികൃത പാർക്കിംഗ്

തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്കൂളുകൾ അടയ്ക്കുകയും പൊതുപരിപാടികൾ നിരോധിക്കുകയും ചെയ്തിട്ടും വാഹനയാത്രികർക്ക് തൊടുപുഴ നഗരത്തിലൂടെ കുരുക്കിലകപ്പെടാതെ സുഗമമായി യാത്ര ചെയ്യാനാകില്ല. രാവിലെയും വൈകിട്ടും വാഹനവുമായി പുറത്തിറങ്ങിയാൽ മണിക്കൂറുകളോളം ഗതാഗത കുരുക്കിലകപ്പെട്ടതു തന്നെ. കാര്യമായ തിരക്കില്ലാതിരുന്നിട്ടും ഗതാഗത കുരുക്കിനയാക്കുന്നത് റോഡരികിലുള്ല അനധികൃത വാഹന പാർക്കിംഗാണ്. നഗരത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാന പാതകൾ, ബൈപാസ് റോഡുകൾ, കോതായിക്കുന്ന് - മങ്ങാട്ടുകവല ബസ് സ്റ്റാന്റ്,​ മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം അനധികൃത വാഹന പാർക്കിംഗ് വ്യാപകമാണ്. മങ്ങാട്ടുകവല ഭാഗത്ത്‌ നിന്ന് നഗരത്തിലേക്കും തിരികെയും കാഞ്ഞിരമറ്റം ബൈപാസ് റോഡിലേക്കും തിരിച്ചും അനേകം വാഹനങ്ങളാണ് കടന്നുപോകുന്നത്. കൂടാതെ വാട്ടർ അതോറിട്ടി, സർക്കാർ ഉടമസ്ഥതയിലുള്ള മൊത്ത സംഭരണ കേന്ദ്രം, പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ല ആയിരക്കണക്കിന് വാഹനങ്ങളും ഇത്‌ വഴിയാണ് കടന്നു പോകുന്നത്. ഇവിടങ്ങളിൽ റോഡിന്റെ ഇരു വശങ്ങൾ കൈയടക്കിയും റോഡിലേക്ക് കയറ്റിയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ചില സമയങ്ങളിൽ മണിക്കൂറോളം നേരം ഈ അവസ്ഥ തുടരും. തുടർന്ന് ഇവിടെ മിക്കവാറും സമയങ്ങളിൽ വാഹനങ്ങൾ റോഡിൽ കുടുങ്ങുകയാണ്. പ്രശ്‌ന പരിഹാരത്തിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.

ആരും ചോദിക്കാനില്ല

നഗരത്തിൽ എവിടെ വാഹനം പാർക്ക് ചെയ്താലും ആരും ചോദിക്കാനില്ലാത്ത സ്ഥിതിയാണ്. മാദ്ധ്യമങ്ങളിൽ വാർത്ത വരുമ്പോൾ മാത്രം പേരിന് പരിശോധന നടത്തും. അതുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞുനോക്കില്ല. വാഹന പാർക്കിംഗ് നിരോധിത മേഖല എന്ന് പൊലീസ് സ്ഥാപിച്ചിട്ടുള്ള ബോർഡിന് മുമ്പിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. കടകൾക്ക് മുന്നിലുള്ല അനധികൃത പാർക്കിംഗ് കാരണം സ്ഥാപനങ്ങളിലേക്ക് ജനം എത്താൻ മടിക്കുന്നതായി ഇവിടെയുള്ള വ്യാപാരികളും പറയുന്നു.