ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പൊതുമരാമത്ത് മുഖേന നടപ്പിലാക്കുന്ന വിവിധ റോഡുകൾ , വാഴത്തോപ്പ് റെസ്‌ക്യൂ ഷെൽട്ടർ നിർമ്മാണം, പ്രൈമറി ഹെൽത്ത് സെന്റർ ലാബ് നിർമ്മാണം, വിവിധ സ്‌കൂളുകളുടേയും പാലങ്ങളുടേയും നിർമ്മാണം, മലയോര ഹൈവേ നിർമ്മാണ നടപടികൾ തുടങ്ങിയവ വിലയിരുത്തി.
റെസ്‌ക്യൂ ഷെൽട്ടറുകൾ വാഴത്തോപ്പ് പഞ്ചായത്തിലെ പൈനാവ്, കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം എന്നിവിടങ്ങളിൽ നിർമ്മിക്കുന്നതിനും തീരുമാനമായി. പ്രൈമറി ഹെൽത്ത് സെന്ററിന് ആവശ്യമായ സ്ഥലം ഇടുക്കി മെഡിക്കൽ കോളേജിന് സമീപം സർവേ ചെയ്ത് തിരിച്ചു നൽകുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി. റോഡുകളുടെ നിർമ്മാണത്തിന് തടസ്സങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടങ്ങളിൽ സർവേ ചെയ്ത് വേർതിരിച്ച് നൽകുന്നതിന് ഇടുക്കി തഹസീൽദാറെയും ചുമതലപ്പെടുത്തി.
നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചിട്ടുള്ള പ്രവർത്തികൾ അതത് വർഷം തന്നെ ആരംഭിക്കത്തക്കവിധം നടപടികൾ വേഗത്തിലാക്കണമെന്നും പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ചിട്ടുള്ള മോണിറ്ററിംഗ് സംവിധാനം കൂടുതൽ ഫലപ്രദമാക്കണമെന്നും എല്ലാ മാസവും വിവിധ വിഭാഗങ്ങളിലെ മേലധികാരികൾ ചേർന്ന് പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.
മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ്, പൊതുമരാമത്ത് വിഭാഗം ഇടുക്കി നിയോജക മണ്ഡലം നോഡൽ ഓഫീസർ ബിന്ദു എൻ (സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ.എസ്.റ്റി.പി കൊട്ടാരക്കര) , ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ജാഫർഖാൻ വി.പി, ബിൽഡിംഗ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ഷാബു എം.റ്റി , കെ.എസ്.റ്റി.പി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ സിനി മാത്യു, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ, മിനി മാത്യു , വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർമാർ എന്നിവരും പങ്കെടുത്തു.