പീരുമേട് : സംസ്ഥാന അതിർത്തികൾ അടച്ചിട്ടു വാഹന ഗതാഗതം തടസപ്പെടുത്തിയതിലൂടെ യുവതി മരിച്ച സംഭവത്തിൽ മൂന്നു ലക്ഷം രൂപയുടെ നഷ്ട പരിഹാരം വിധിച്ചു ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംഭവം ചൂണ്ടി കാണിച്ചു മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമി നൽകിയ പരാതിയിൽ ആണ് ഒന്നര വർഷത്തിന് ശേഷം കമ്മീഷന്റ വിധി. 2020 ലെ മാർച്ച് മാസത്തിൽ കൊവിഡിനെ തുടർന്നു പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗൺ വേളയിൽ കർണാടക സർക്കാർ സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരുന്നു. മഞ്ചേശ്വരത്തെ ഫാത്തുമ്മ എന്ന ഗർഭിണി യായ സ്ത്രീയെ ആംബുലൻസിൽ കയറ്റി അടിയന്തിര ചികിത്സക്ക് വേണ്ടി കർണാടക അതിർത്തിയായ തലപ്പാടിയിൽ എത്തിച്ചപ്പോൾ കർണാടക പൊലീസ് വാഹനം തടഞ്ഞു ചികിത്സാ നിഷേധിക്കുകയുണ്ടായി. കൃത്യ സമയത്തു ചികിത്സ ലഭിക്കാത്തതിനാൽ ആംബുലൻസിൽ വച്ചു തന്നെ കുഞ്ഞു ജനിക്കുകയും തുടർന്നു ഫാത്തുമ്മ മരണപ്പെടുകയും ചെയ്തു. സംഭവത്തിനു എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക, കേരള സർക്കാരുകളുടെ റിപ്പോർട്ട് കമ്മീഷൻ വാങ്ങി. പരാതിയിൽ കഴമ്പില്ല എന്നു വാദിച്ച കർണാടക സർക്കാരിന്റെ നിലപാടിനെ അപ്പാടെ തള്ളിയ കമ്മീഷൻ സർക്കാരിന്റെ നടപടിയെ വിമർശിച്ചു. മരിച്ച ഫാത്തുമ്മയുടെ കുടുംബത്തിന് ആറ് ആഴ്ച്ചക്കകം കർണാടക സർക്കാർ മൂന്നു ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാൻ വിധിച്ച കമ്മീഷൻ തുക നൽകിയതിന്റെ തെളിവ് കൂടി ഹാജരാക്കാൻ കർണാടക ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മാർച്ച് 4 നു കേസ് വീണ്ടും പരിഗണിക്കും.