ss
രാമക്കൽമേട്ടിലെ പ്രവർത്തന രഹിതമായ പൊലീസ് സെന്റർ

നെടുങ്കണ്ടം: വിനോദസഞ്ചാരികൾ ഏറെ വന്ന്പോകുന്ന രാമക്കൽമേട്ടിൽ പൊലീസിന്റെ പ്രവർത്തനം ശക്തമാക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി സ്ഥാപിച്ച പൊലിസ് അസിസ്റ്റൻസ് സെന്റർ പ്രവർത്തന രഹിതം.അടുത്ത ഘട്ടത്തിൽ ഔട്ട് പോസ്റ്റ് എന്ന നിലയിൽ പ്രവർത്തിയ്ക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സെന്റർ ആരംഭിച്ചത്. പക്ഷെ എല്ലാം പാഴ് വാക്കായിരിക്കുകയാണ്.

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ 2015ലാണ് പോപൊലിസ് അസിസ്റ്റൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. വിദേശികൾ അടക്കം ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന മേഖലയിൽ ടൂറിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിർത്തിയിലെ സമാന്തര പാതകൾ വഴിയുള്ള ലഹരി കടത്തിന് തടയിടുകയും മേഖലയിലെ ക്രമസമാധാന പാലനം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഏതാനും മാസങ്ങൾ മാത്രമാണ് ഇവിടെ സേവനം ലഭ്യമായതെന്ന് മാത്രം.

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിട സമുച്ചയം നിലവിൽ നാശത്തിന്റെ വക്കിലാണ്. ഗ്രേഡ് എസ്‌. ഐ ഉൾപ്പടെ നാല് പൊലിസ് ഉദ്യോഗസ്ഥരുടെ സേവനം ഇവിടെ ഉറപ്പ് വരുത്തുമെന്നായിരുന്നു പ്രഖ്യാപനം. നെടുങ്കണ്ടം പോലിസിന്റെ നേതൃത്വത്തിൽ സെന്റർ പ്രവർത്തിപ്പിയ്ക്കാനായിരുന്നു തീരുമാനം. നിലവിൽ വൻ തിരക്ക് അനുഭവപെടുന്ന ദിവസങ്ങളിൽ പോലും പൊലിസിന്റെ സേവനം വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഭ്യമാകുന്നില്ല. മദ്യപിച്ചെത്തുന്ന സഞ്ചാരികളും വാഹനങ്ങളിലിരുന്ന് മദ്യപിച്ച ശേഷം ഡിറ്റിപിസി ജീവനക്കാരുമായി വാക്ക് തർക്കം നടത്തുന്നത് പതിവാണ്. ഇവിടെ ട്രാഫിക് ക്രമീകരണത്തിനും സംവിധാനങ്ങളില്ല. സെന്റർ വീണ്ടും പ്രവർത്തന സജ്ജമാക്കി അതിർത്തി മേഖലയിലെ ക്രമസമാധാന പാലനം ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

പ്രാധാന്യം ഇനിയും

തിരിച്ചറിയാതെ.....

രാമക്കൽമേട് കേരളത്തിൽതന്നെയോ എന്ന സംശയം ഇപ്പോഴും പല വിനോദസഞ്ചാരികൾക്കുമുണ്ട്. ഗൂഗിൾ മാപ്പ് നോക്കിയാൽ അങ്ങനെ തോന്നിപ്പോകും. തമിഴ്നാടിന്റെ ഭാഗമായിട്ടാണ് ഗൂഗിൾ മാപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്ന സാഹചര്യവും അതിർത്തിയിലെ ഇത്തരം പ്രശ്നങ്ങൾകൊണ്ട് പ്രാധാന്യമുള്ള സ്ഥലത്താണ് പൊലീസിന്റെ ഒരു സെന്റർ ഉള്ളത് അടഞ്ഞ് കിടക്കുന്നത്.