തൊടുപുഴ: ഫ്‌ളാറ്റിലെ ആറാം നിലയിലെ മുറിയിൽ കുടുങ്ങിയ രണ്ടു വയസുകാരിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. ഒളമറ്റത്തെ ഫ്‌ളാറ്റിൽ ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു സംഭവം. മുറിയ്ക്കുള്ളിൽ കളിക്കുകയായിരുന്നു കുട്ടി ഇതിനിടെ വാതിലടച്ച് താക്കോൽ തിരിച്ചതോടെ മുറിയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു. ഫ്‌ളാറ്റിൽ കുട്ടിയുെട മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിലും വാതിൽ പുറത്തു നിന്നും തുറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് ഇവർ തൊടുപുഴ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം വാതിലിന്റെ പൂട്ടു പൊളിച്ച് മുറി തുറക്കുകയായിരുന്നു. സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ ടി.കെ.ജയറാമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ബിൽസ് ജോർജ്, ഷിബിൻ ഗോപി, ആർ.നിതീഷ്, എസ്.ഒ.സുഭാഷ്, രഞ്ജികൃഷ്ണൻ, വി.വിജിൻ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.