മുട്ടം: മോഷണം പോയ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് 4 മണിയോടെ മുട്ടം ശക്തി തിയേറ്ററിന് സമീപത്ത് നിന്നാണ് മോഷണം പോയത്. എള്ളുമ്പുറം വള്ളോം പുരയിടത്തിൽ ബിന്നി മാത്യുവിന്റെ സ്കൂട്ടറാണ് മോഷണം പോയത്. ഇത്‌ സംബന്ധിച്ച് ബിന്നി മുട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പൊലീസ് സമീപത്തുള്ള സി.സി.റ്റി.വി ക്യാമറകൾ പരിശോധിച്ചതിനെ തുടർന്ന് യുവാക്കളായ മൂന്ന് പേരാണ് മോഷണം നടത്തിയതെന്നും സ്കൂട്ടറുമായി ഇവർ മൂലമറ്റം ഭാഗത്തേക്കാണ് പോയതെന്നും കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോളപ്രക്ക് സമീപത്ത് നിന്നും കണ്ടെത്തിയത്. പെട്രോൾ തീർന്നതിനെ തുടർന്ന് റോഡിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സ്‌കൂട്ടറിൽ കേടുപാടുകൾ വരുത്തുകയും വാഹന രേഖകൾ മോഷ്ടാക്കൾ കൈക്കലാക്കുകയും ചെയ്തിരുന്നു. സ്കൂട്ടർ ഉടമക്ക് നഷ്ടപരിഹാരം നൽകിയതിനെ തുടർന്ന് പ്രശ്നം രമ്യതയിൽ പരിഹരിച്ചു.