 
തൊടുപുഴ: ചെറുപ്രായത്തിൽ ബാധിച്ച കാൻസറിനെ തോൽപ്പിക്കാൻ മനു ബൈക്കിൽ സഞ്ചരിക്കുന്നത് 450 കിലോ മീറ്റർ. ഇടവെട്ടി സ്വദേശി പറകുന്നേൽ ഹരിക്കുട്ടന്റെ മകൻ മനു ഹരിയാണ് (23) കീമോ തെറാപ്പിക്കായി തിരുവനന്തപുരം ആർ.സി.സി വരെയും തിരിച്ചും ബൈക്കിൽ യാത്ര ചെയ്യുന്നത്. 2020 ഒക്ടോബറിൽ തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് മനുവിന് ലിംഫോമാ കാൻസർ സ്ഥിരീകരിച്ചത്. വിശദ പരിശോധനകൾക്ക് ശേഷം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലാണ് ചികിത്സ നടത്തുന്നത്. സാമ്പത്തിക പരാധീനത മൂലം ആദ്യ ഘട്ടത്തിൽ ബസിലായിരുന്നു യാത്ര. എന്നാൽ കീമോയ്ക്ക് ശേഷം ബസിൽ തിരികെ വരുമ്പോൾ ശർദ്ദിയും ക്ഷീണവും കാരണം ആകെ തളർന്നുപോകുമായിരുന്നു. കാറുൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങൾ വിളിച്ച് പോകാനുള്ള സാമ്പത്തികവുമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് മനുവും പിതാവ് ഹരിയും ബൈക്കിൽ ആർ.സി.സിയിലേക്ക് പോകാൻ തീരുമാനിച്ചത്. പിതാവിന് ഡ്രൈവിംഗ് അറിയില്ലാത്തതിനാൽ മനുവാണ് ബൈക്ക് ഓടിക്കുന്നത്. ഇരു ഭാഗത്തേക്കും 450 കിലോമീറ്ററോളം ദൂരംവരും. നിലവിൽ 18 തവണ കീമോതെറാപ്പി ചെയ്തു കഴിഞ്ഞു. ഇനി ആറെണ്ണം കൂടിയുണ്ട്. ഇതിന് ശേഷവും ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് മനുവിന്റേത്. പെയിന്റിംഗ് തൊഴിലാളിയായ പിതാവ് ഹരിയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. എന്നാൽ മനുവിനൊപ്പം ഇടയ്ക്കിടെ തിരുവനന്തപുരത്തിന് പോകേണ്ടതിനാൽ ഹരിക്ക് ജോലിക്ക് പോകാനാകുന്നില്ല. ഇതോടെ മനുവിന്റെ ഇളയ സഹോദരൻ അഖിലും ചെറിയ ജോലികൾ ചെയ്ത് കുടുംബത്തെ സഹായിക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്താൻ ഇവർക്കാകുന്നില്ല. മനുവിനെ നോക്കേണ്ടതിനാൽ അമ്മ ശാന്തിയ്ക്ക് തൊഴിലുറപ്പ് ജോലിക്ക് പോലും പോകാനാകുന്നില്ല. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ മുന്നോട്ട് കൊണ്ടുപോയത്. തുടർന്നുള്ള ചികിത്സയ്ക്കായി മനുവും കുടുംബവും സുമനസുകളുടെ സഹായം തേടുകയാണ്. ഇതിനായി പ്രദേശവാസികളും ജനപ്രതിനിധികളും ചേർന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ച് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 67235531119
ഐ.എഫ്.എസ്.സി കോഡ്: SBIN0070408
എസ്.ബി.ഐ തെക്കുംഭാഗം ബ്രാഞ്ച്
ഫോൺ: 9744627882
ഹരികുട്ടൻ (മനുവിന്റെ അച്ഛൻ)
ഗൂഗിൾ പേ നമ്പർ: 8157005347