 
ചെറുതോണി : ജില്ലാ ആസ്ഥാനത്ത് പതിനായിരം മെട്രിക് ടൺ സംഭരണ ശേഷിയുള്ള വെയർഹൗസ് സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 15 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അറുപതിനായിരം ചതുരശ്ര അടി വിസ്താരമുള്ള ഗോഡൗണാണ് ഇതിനായി സ്ഥാപിക്കുക.സിവിൽ സപ്ലൈസ് കോർപ്പറേഷൻ,ഫുഡ് കോർപ്പറേഷൻ, ബിവറേജസ് കോർപ്പറേഷൻ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ, കോഓപ്പറേറ്റീവ് സൊസൈറ്റീസ്, ഫെർട്ടിലൈസേഴ്‌സ് സൊസൈറ്റികൾ തുടങ്ങിയവയുടെ ഭക്ഷ്യ വിഭവങ്ങളും മരുന്നുകളും കീടനാശിനികളും ഉൾപ്പെടെയുള്ളവ സൂക്ഷിക്കത്തക്ക വിധമുള്ള സൗകര്യങ്ങളോടു കൂടിയ വെയർഹൗസാണ് സ്ഥാപിക്കുന്നത്.
വെയർഹൗസിന് ആവശ്യമായ സ്ഥലം അനുവദിച്ച് നൽകുന്നതിന് ഇടുക്കി ജില്ലാ പഞ്ചായത്ത് തയ്യാറായതോടെ വെയർഹൗസ് ഉദ്യോഗസ്ഥർ തുടർ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. 2.5 ഏക്കർ സ്ഥലം പൈനാവ് പൊലീസ് ക്യാമ്പിന് സമീപത്ത് ഗോഡൗൺ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് വിട്ട് നൽകും. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, സെൻട്രൽ വെയർഹൗസ് ഡയറക്ടർ കെ.വി പ്രദീപ്കുമാർ, റീജിയണൽ മാനേജർ മനീഷ് ബി.ആർ, കൺസൾട്ടന്റ് ബി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.