rajendran

ഇടുക്കി: ദേവികുളം മുൻ എം.എൽ.എയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ സി.പി.എം സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പാർട്ടി കമ്മിഷൻ കണ്ടെത്തലിൽ ജില്ലാ കമ്മിറ്റിയുടെ ശുപാർശ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് നടപടി വൈകിയത്.

ബുധനാഴ്ച ജില്ലയിലെ ഏരിയാ സെക്രട്ടറിമാരുടെ ഓൺലൈൻ യോഗത്തിലും മൂന്നാർ,​ മറയൂർ ഏരിയാ കമ്മിറ്റികളിലും രാജേന്ദ്രനെതിരായ നടപടി വിശദീകരിച്ചു. മറയൂർ ഏരിയാ കമ്മിറ്റിയിലാണ് രാജേന്ദ്രൻ. നടപടി സി.പി.എം സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന് തവണ ദേവികുളത്ത് വിജയിച്ച എസ്. രാജേന്ദ്രൻ കഴിഞ്ഞ തവണയും സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. പാർട്ടിയുടെ പൊതുമാനദണ്ഡപ്രകാരം അദ്ദേഹത്തെ ഒഴിവാക്കി പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ അഡ്വ. എ. രാജയ്ക്കാണ് സീറ്റ് നൽകിയത്.

രാജ ജയിച്ചെങ്കിലും എസ്. രാജേന്ദ്രന്റെ സ്വാധീന മേഖലകളായ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഏറെ പിന്നിലായി. ഇതോടെ എസ്. രാജേന്ദ്രനെതിരെ ബ്രാഞ്ച് തലം മുതൽ മേൽക്കമ്മിറ്റികൾക്ക് പരാതികൾ ലഭിച്ചു. അടിമാലി, മറയൂർ, മൂന്നാർ ഏരിയാ കമ്മിറ്റി അംഗങ്ങളും പരാതി ഉന്നയിച്ചു. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. യോഗങ്ങളിൽ രാജേന്ദ്രൻ സ്ഥാനാർത്ഥിയുടെ പേര് പറഞ്ഞില്ലെന്നും നേതാക്കൾ നിർദ്ദേശിച്ചിട്ടും പറഞ്ഞില്ലെന്നും പരാതി ഉയർന്നു. തുടർന്നാണ് അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. രാജേന്ദ്രന് ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയായിരുന്നു കമ്മിഷന്റെ കണ്ടെത്തലുകൾ.

രാജേന്ദ്രൻ ബ്രാഞ്ച് മുതൽ ജില്ലാകമ്മിറ്റി വരെയുള്ള ഒരു സമ്മേളനത്തിലും ഇത്തവണ പങ്കെടുത്തില്ല. ജില്ലാ സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും നൽകിയില്ല. കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലും പ്രതിനിധി സമ്മേളനത്തിലും രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനമുയർന്നു. രാജേന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.എം. മണി പരസ്യമായി വിമർശിച്ചിരുന്നു. എം.എം. മണിക്കെതിരെ രാജേന്ദ്രനും പ്രതികരിച്ചിരുന്നു. എം.എം. മണിയടക്കമുള്ള നേതാക്കളുമായുള്ള ഭിന്നതകൾ തുറന്നുകാട്ടി എസ്. രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത് പുറത്തായിരുന്നു. ജില്ലാസമ്മേളനം രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

രാജേന്ദ്രൻ സി.പി.ഐ അടക്കമുള്ള പാർട്ടികളിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രാജേന്ദ്രന്റെ സഹോദരൻ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.

നടപടിയിലേക്ക് നയിച്ചത്

 തിരഞ്ഞെടുപ്പിലെ വിഭാഗീയ പ്രവർത്തനം

 ജില്ലാ നേതാക്കളുടെ നിർദ്ദേശങ്ങൾ അവഗണിച്ചത്

 സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത്

 എം.എം. മണിയുമായുള്ള വാക്പോര്

 സംസ്ഥാന സെക്രട്ടറിക്കയച്ച കത്ത്

'സസ്പെൻഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാർട്ടി നടപടി അംഗീകരിക്കുന്നു. പാർട്ടി അനുഭാവിയായി കഴിയണം."

-എസ്. രാജേന്ദ്രൻ

'രാജേന്ദ്രനെതിരായ നടപടി ഔദ്യോഗികമായി പിന്നീട് അറിയിക്കും"

-സി.പി.എം ഇടുക്കി സെക്രട്ടറി സി.വി. വർഗീസ്