kseb

കട്ടപ്പന :കട്ടപ്പന, വണ്ടൻമേട്, നെടുംങ്കണ്ടം സബ് സ്റ്റേഷനുകളിലേയ്ക്കുള്ള ഹൈടെൻഷൻ വൈദ്യുതി ലൈനുകളിൽ തകരാർ സംഭവിക്കുന്നത് പതിവായി.കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മൂന്ന് തവണയാണ് 66 കെ. വി , 11 കെ. വി ലൈനുകളിൽ തകരാർ കണ്ടെത്തിയത്.കാലപ്പഴക്കമാണ് പ്രധാന വില്ലനാകുന്നത് എന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.വാഴത്തോപ്പ് നെടുംങ്കണ്ടം 66 കെ. വി ലൈനിൽ ജനുവരി 19നും,ജനുവരി 20 നും ഡിസ്‌കിൽ തകരാർ സംഭവിച്ചിരുന്നു.ഇതേ തുടർന്ന് രണ്ട് പകലും രാത്രിയുമാണ് കട്ടപ്പന, നെടുംങ്കണ്ടം, വണ്ടൻമേട്‌മേഖലകൾ ഇരുട്ടിലായത്.വ്യാഴാഴ്ച്ച 11 കെ. വി ലൈനിലെ തകരാർ മൂലം കട്ടപ്പന നഗരത്തിൽ 2 മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു. നിരന്തരമായി വൈദ്യുതി ബന്ധം തകരാറിലാകുന്നത് വ്യാപാര സ്ഥാപനങ്ങൾക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.വർക്ക്‌ഷോപ്പുകൾ, മില്ലുകൾ, മെഡിക്കൽ സ്റ്റോർ,ഹോട്ടലുകൾ എന്നിവയെ പ്രതികൂലമായി ബാധിക്കും.ഹൈറേഞ്ച്‌മേഖലയിലെ വൈദ്യുതി വിതരണത്തിലുണ്ടാകുന്ന നിരന്തര തടസ്സങ്ങൾ ഒഴിവാക്കുവാൻ നടപടി ഉണ്ടാകണമെന്ന് വ്യാപാര സംഘടനനേതാക്കളും ആവശ്യപ്പെടുന്നുണ്ട്.


• ഉപയോഗത്തിലുള്ളത്

പഴയ ഉപകരണങ്ങൾ

66 കെവി, 33 കെവി സബ്‌സ്റ്റേഷനുകളിൽ ഇപ്പോഴും ഉപയോഗത്തിലുള്ളത് കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ്.ലൈനുകളിൽ അറ്റകുറ്റപ്പണികൾവേണ്ടി വരുമ്പോൾ പലയിടത്തും ബാക്ക് ഫീഡിംഗ് സംവിധാനംപോലും കാര്യക്ഷമമല്ല എന്നും സൂചനയുണ്ട്. ഇതിനു പുറമേയാണ് ലൈനുകളിൽ ഡിസ്‌കുകളും തകരാറിലാകുന്നത്. 66 കെ. വി ലൈനിലുണ്ടായ രണ്ട് തകരാറുകളും കണ്ടെത്തിയത് ഡിസ്‌കിലായിരുന്നു.ഫീഡർ ലൈനിലെ പഴകിയ ഉപകരണങ്ങൾ മാറ്റിപോളിമർ ഇൻസുലെറ്ററുകൾ സ്ഥാപിച്ചാൽ ദിവസവും ഡിസ്‌ക് തകരാറിലാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ സാധിക്കുമെന്ന് എഞ്ചിനിയർമാരും പറയുന്നു.


• യാഥാർത്ഥ്യമാകുമോ

110 കെ. വി ലൈൻ

വളരെ പ്രതീക്ഷയോടെ ആരംഭിച്ച കുത്തുങ്കൽ നെടുംങ്കണ്ടം 110 കെ. വി ലൈനിനെ പ്രാരംഭ നടപടികളാണ് ഇപ്പോഴും ഇഴയുന്നത്.17 കിലോ മീറ്റർ ദൂരത്തിലുള്ള ഈ പദ്ധതിവേഗതയിലാക്കുകയാണെങ്കിൽ വൈദ്യുത തടസ്സങ്ങളും ,വോൾട്ടേജ് ക്ഷാമവും പരിഹരിക്കാനാകും.നിലവിൽ ചെങ്കുളം പവർ ഹൗസിൽ നിന്നാണ് കട്ടപ്പന, നെടുംങ്കണ്ടം, വണ്ടൻമേട്‌മേഖലകളിൽ വൈദ്യുതി എത്തുന്നത്. കട്ടപ്പന പീരുമേട് 110 കെ. വി ലൈൻ പദ്ധതി യഥാർത്ഥ്യമായാലും വൈദ്യുതിവോൾട്ടേജ് ക്ഷാമം പരിഹരിക്കാനാകും. കാഞ്ചിയാർമേഖലയിൽ നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാൽ ഈ പദ്ധതിയുടെ സർവ്വേ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്.