ഇടുക്കി: അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ സി.പി.എമ്മിന്റെ മുഖമായിരുന്നു ഇന്നലെ വരെ എസ്. രാജേന്ദ്രൻ. തമിഴ്ഭാഷാ ന്യൂനപക്ഷങ്ങളേറെയുള്ള ദേവികുളം മണ്ഡലത്തിൽ നിന്ന് ഒന്നര പതിറ്റാണ്ടോളം രാജേന്ദ്രൻ നിയമസഭാ സാമാജികനായിരുന്നു. കൈയേറ്റ വിഷയത്തിലായാലും പെമ്പിളൈ ഒരുമൈ സമരത്തിലായാലും മാറി മാറി വരുന്ന സബ് കളക്ടർമാരുമായി കൊമ്പ് കോർക്കുന്ന കാര്യത്തിലായാലും എപ്പോഴും രാജേന്ദ്രൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അപ്പോഴെല്ലാം പാർട്ടിയുടെ പൂർണ പിന്തുണ എസ്. രാജേന്ദ്രനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി നടപടിക്ക് വിധേയനായി ഒരു വർഷം പുറത്തുനിൽക്കേണ്ട സ്ഥിതിയിലെത്തി . നാലാമതും നിയമസഭയിലേക്ക് മത്സരിക്കണമെന്ന് രാജേന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചതു മുതലാണ് പാർട്ടിയുമായുള്ള അസ്വാരസ്യം ആരംഭിക്കുന്നത്. പാർട്ടിയുടെ പൊതുമാനദണ്ഡപ്രകാരം രാജേന്ദ്രന് ഒരു അവസരം കൂടി നൽകാനാകില്ലായിരുന്നു. പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ അഡ്വ. എ. രാജയ്ക്കാണ് സീറ്റ് നൽകിയത്. രാജയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ രാജേന്ദ്രൻ പങ്കെടുത്തെങ്കിലും ആത്മാർത്ഥമായ പ്രവർത്തനമുണ്ടാകുന്നില്ലെന്ന് പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു. രാജേന്ദ്രന്റെ സ്വാധീനമുള്ള മേഖലകളിലെ കൺവെൻഷനുകളിൽ ആളുകുറയുന്നത് നേതൃത്വത്തിന്റെയും ശ്രദ്ധയിൽപ്പെട്ടു. മാത്രമല്ല, ഒരു വേദിയിലും സ്ഥാനാർത്ഥിയായ എ. രാജയെ വിജയിപ്പിക്കണമെന്ന് എസ്. രാജേന്ദ്രൻ പ്രസംഗിച്ചില്ല. എം.എം. മണിയടക്കമുള്ള ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടിട്ടും രാജയുടെ പേര് പറഞ്ഞില്ല. തിരഞ്ഞെടുപ്പിൽ രാജ വിജയിച്ചെങ്കിലും പാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ചപോലെ വോട്ട് കിട്ടിയില്ല. പ്രത്യേകിച്ച് രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളിൽ. അതുവരെ ക്ഷമിച്ചിരുന്ന വിവിധ ഘടകങ്ങളിലുള്ളവരെല്ലാം കൂട്ടമായി രാജേന്ദ്രനെതിരെ പാർട്ടിക്ക് പരാതി നൽകി. രാജേന്ദ്രൻ ഉൾപ്പെടുന്ന മറയൂറടക്കം മൂന്നാർ, അടിമാലി ഏരിയാ കമ്മിറ്റി അംഗങ്ങളും പരാതി ഉന്നയിച്ചു. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതികളിലേറെയും. തുടർന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരെ അന്വേഷണ കമ്മിഷനായി ജില്ലാ കമ്മിറ്റി നിയോഗിച്ചത്. പരാതികളിൽ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത കാട്ടിയില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയും കമ്മിഷൻ കണ്ടെത്തി. ഇതിന് പിന്നാലെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിക്ക് ശുപാർശ ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
നടപടിക്ക് ആക്കം കൂട്ടിയതിങ്ങനെ
തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും പാർട്ടിയുമായി ചേർന്ന് പോയിരുന്നെങ്കിൽ സസ്പെൻഷനടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകില്ലായിരുന്നെന്ന് സി.പി.എം നേതാക്കൾ തന്നെ സൂചന നൽകുന്നുണ്ട്. നടപടി ഉറപ്പായ രാജേന്ദ്രൻ ബ്രാഞ്ച് മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഒരു സമ്മേളനത്തിലും ഇത്തവണ പങ്കെടുത്തിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.എം. മണിയുമായുള്ള വാഗ്വാദങ്ങളും രാജേന്ദ്രന് ദോഷമായി. ജില്ലാ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് രാജേന്ദ്രൻ മറുപടിയും നൽകിയില്ല. കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലും പ്രതിനിധി സമ്മേളനത്തിലും രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. എം.എം. മണിയടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായഭിന്നതകൾ തുറന്നുകാട്ടുന്ന, എസ്. രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത് ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസം പുറത്തായി. ഇത് നടപടിക്ക് ആക്കംകൂട്ടി.