തൊടുപുഴ: തേയിലത്തോട്ട തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കേന്ദ്ര ബഡ്ജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്രയാദവിനെ നേരിൽ കണ്ട് കത്ത് നൽകി. കേരളത്തിൽ 104 തേയിലത്തോട്ടങ്ങളുണ്ട്. ഇതിൽ 74 എണ്ണവും ഇടുക്കിയിലുണ്ട്. ഈ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ട് സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലൊന്നായി ജീവതം തള്ളി നീക്കുകയാണ്. ഇവരിൽ പലരും താമസിക്കുന്നത് 50 വർഷത്തിലേറെയായി പരിപാലിക്കപ്പെടാതെ പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന ലയങ്ങളിലാണ്. ഇവ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തത്തിൽ വരുന്നുണ്ടെങ്കിലും സാമ്പത്തിക കാരണങ്ങളാൽ അവരും ഇക്കാര്യങ്ങൾ അവഗണിക്കുന്നു. കേരളത്തിൽ കൊവിഡ്- 19 വ്യാപനത്തിനും തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്കും ശേഷം തോട്ടം തൊഴിലാളികളുടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. പീരുമേട്ടിൽ മാത്രമുള്ള 38 എസ്റ്റേറ്റുകളിൽ 17 എണ്ണവും ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. എസ്റ്റേറ്റുകൾ നിലവിലുള്ള യന്ത്രസാമഗ്രികൾ പരിഷ്‌കരിച്ച് കാര്യക്ഷമമായ മാനേജ്‌മെന്റിന് കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. ഇത്തവണത്തെ ബഡ്ജറ്റിൽ അസമിനും പശ്ചിമ ബംഗാളിനും സർക്കാർ പ്രഖ്യാപിച്ച 1000 കോടിയുടെ മാതൃകയിൽ തോട്ടം മേഖലയ്ക്കും ഒരു പാക്കേജ് അനുവദിക്കണമെന്ന് എം.പി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ 'സബ് കാ വികാസ്' എന്ന കാഴ്ചപ്പാടിന് അനുസൃതമായി കേരളത്തിലെ തോട്ടം തൊഴിലാളികൾക്കും ആരോഗ്യവിദ്യാഭ്യാസ സൗകര്യങ്ങൾ ക്രമീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിനോട് ആവശ്യപ്പെട്ടു.