anganvad
കട്ടപ്പന നഗരത്തിൽ പ്രവർത്തിക്കുന്ന 145 ാം നമ്പർ അംഗനവാടി

 കളക്ടറുടെ നിർദ്ദേശവും നടപ്പിലായില്ല


കട്ടപ്പന: പൊതുമരാമത്ത് വകുപ്പിന്റെ ശാഠ്യം മൂലം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കട്ടപ്പന നഗരത്തിൽ പ്രവർത്തിക്കുന്ന 145-ാം നമ്പർ അംഗണവാടി. ടിബി ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 2013 മുതൽ അംഗണവാടി പ്രവർത്തിക്കുന്നത്. എന്നാൽ അന്ന് മുതൽ വൈദ്യുതിയോ വെള്ളമോ നൽകാനോ കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു നൽകാനോ പി.ഡബ്ല്യു.ഡി തയ്യാറായില്ല. വൈദ്യുതി കണക്ഷനുള്ള കെട്ടിടത്തിലേയ്ക്ക് എത്രയും വേഗം മാറുകയോ അല്ലെങ്കിൽ ഇപ്പോഴുള്ള കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ അംഗനവാടി വർക്കർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ കെട്ടിടത്തിൽ വൈദ്യുതി നൽകാൻ കഴിയൂ എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ആദ്യം മുതലുള്ള നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അംഗണവാടി വർക്കർ എം.ആർ. ഷിജി ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് അംഗണവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വയറിംഗ് നടത്തി വൈദ്യുതി നൽകാൻ പി.ഡബ്ല്യു.ഡി ഇലക്ട്രിൽ വിഭാഗം എൻജിനിയർക്ക് നിർദ്ദേശവും നൽകി. എന്നാൽ നടപടി എങ്ങുമെത്തിയില്ല. ഇതിന് ശേഷം ഉടുമ്പൻചോല ലീഗൽ സർവീസസ് അതോറിട്ടി നഗരസഭാ, പൊതുമരാമത്ത്, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരുമായി സമവായ ചർച്ച നടത്തി വൈദ്യുത കണക്ഷൻ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ വിഷയം സർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ കട്ടപ്പന നഗരസഭയോ ഐ.സി.ഡി.എസോ ഇതുവരെ ശ്രമിച്ചിട്ടില്ല. വർക്കറായ ഷിജി അടുത്തിടെ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ടൗണിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് മൂന്ന് അംഗണവാടികൾ പ്രവർത്തിക്കുമ്പോഴാണ് അധികൃതരുടെ വിചിത്ര മറുപടി. നഗരസഭ കാര്യാലയവളപ്പിൽ പൂർത്തിയാകുന്ന കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.

90 ഉപഭോക്താക്കളുള്ള അംഗണവാടി

വിവിധ സ്ഥാപനങ്ങളിൽ ജോലിയ്‌ക്കെത്തുന്ന അമ്മമാർ, തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ മക്കളാണ് അംഗണവാടിയിൽ എത്തുന്നത്. വലിയ തുക മുടക്കി ഡേ കെയറിൽ കുട്ടികളെ ചേർക്കാൻ കഴിയാത്തവരാണ് ഇവരിലേറെയും. ഈ സാഹചര്യത്തിൽ ടൗണിൽ നിന്ന് മാറി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിക്കുക പ്രയോഗികമല്ല. ടൗണിനുള്ളിൽ തന്നെ മറ്റൊരു കെട്ടിടം നോക്കിയാലും ഭീമമായ വാടക മാസം തോറും നൽകേണ്ടി വരും. ഇത്ര വലിയ വാടക നൽകാൻ ഐ.സി.ഡി.എസും തയ്യാറല്ല.