പീരുമേട്: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കൊക്കയാർ, ഏന്തയാർ പാലങ്ങളുടെ പുനർനിർമാണം ഉടൻ ആരംഭിക്കും. വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വണ്ടിപ്പെരിയാർ ശാന്തി പാലത്തിന്റെ പണിയും എത്രയും വേഗം പൂർത്തീകരിക്കും. കോട്ടമല റോഡിന്റെ പണി പുനരാരംഭിക്കും. രണ്ടു കോടി രൂപ മുതൽ മുടക്കി പീരുമേട്ടിൽ റെസ്‌ക്യൂ ഷെൽട്ടർ നിർമ്മിക്കും. ഉപ്പുതറ,​ പീരുമേട്,​ പെരുവന്താനം,​ കൊക്കയാർ എന്നിവിടങ്ങളിൽ സ്മാർട്ട് വില്ലേജ് ആഫീസ് നിർമ്മിക്കും.​ പീരുമേട് താലൂക്ക് ആശുപത്രിയിൽ 99 ലക്ഷം രൂപ ചെലവഴിച്ച് പ്രസവവാർഡ് ഉടൻ നിർമ്മിക്കും. ചോറ്റുപാറ-​ ഉളുപ്പൂണി റോഡ്,​​ വട്ടപ്പതാൽ- ഉപ്പുതറ റോഡ്,​​ ഏലപ്പാറ- വണ്ടിപ്പെരിയാർ റോഡ്,​ വള്ളക്കടവ് സത്രം- കല്ലാർ റോഡ്, മൂക്കർത്താൻ വളവ്- വെള്ളാരംകുന്ന്- കുമിളി റോഡ്, മൂലമറ്റം- ആശ്രമം റോഡ്, കുപ്പക്കയം- ഉപ്പുതറ- ചപ്പാത്ത്- വണ്ടിപ്പെരിയാർ റോഡ് എന്നീ പദ്ധതികളിൽ തടസങ്ങൾ നീക്കി കിഫ്ബി ഉടൻ പ്രവർത്തനങ്ങൾ ആരംഭിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനിയർ എം.ഡി. സാബു, റോഡ് വിഭാഗം എൻജിനിയർ വി.പി. ജാഫർഖാൻ എന്നിവർ പങ്കെടുത്തു. പ്രവർത്തികളുടെ പുരോഗതി വിലയിരുത്താൻ എല്ലാ മാസവും യോഗം ചേരാനും തീരുമാനിച്ചു.