ഇടുക്കി: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കൽ ഉടൻ പൂർത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ നിർദേശം. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം അവശേഷിക്കെ ഫണ്ട് വിനിയോഗം നൂറു ശതമാനം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പ് രഹിത കേരളം (സുഭിക്ഷ) പദ്ധതി പ്രകാരം എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ക്രമീകരിക്കണം. ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. തുടർന്ന് കഴിഞ്ഞ യോഗത്തിൽ സമിതി അംഗങ്ങൾ ഉന്നയിച്ച വിവിധ വിഷയങ്ങളിലെ നടപടി നിർവ്വഹണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത് ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ് അവതരിപ്പിച്ചു. ജില്ലയിലെ പട്ടയ വിതരണം ത്വരിതഗതിയിലാക്കുന്നതിന് ഭൂപതിവ് കമ്മറ്റികൾ രൂപീകരിച്ച് കൺവീനർമാരായ തഹസീൽദാർമാർക്ക് തുടർ നടപടിക്ക് നിർദ്ദേശം നൽകി. കൊക്കയാർ ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട 499 പേർക്ക് നിലവിൽ ധനസഹായം നൽകിയിട്ടുണ്ട്. ബാക്കി അപേക്ഷകളിൽ നടപടിയെടുത്ത് വരുന്നു. വീട് വയ്ക്കാൻ സ്ഥലം ലഭ്യമല്ലാത്തവരെ തോട്ടം മേഖലയിലേതുൾപ്പെടെയുള്ള മിച്ചഭൂമി ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ പീരുമേട് തഹസീൽദാർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ പൊതു റോഡുകളുടെ വശങ്ങളിൽ കൃഷി ചെയ്യുന്നത് കർശനമായി നിയന്ത്രിക്കുമെന്നും റോഡു വശങ്ങൾ തണൽ മരങ്ങളും പൂച്ചെടികളും നട്ട് മനോഹരമാക്കുന്നതിന് അതത് ഡിവിഷനുകൾക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് റോഡ് വിഭാഗം അറിയിച്ചു. കല്ലാർകുട്ടി ഡാമിന്റെ വശങ്ങളിലുള്ള റോഡിന്റെ ഒരു വശം ഇടിഞ്ഞ് അപകടാവസ്ഥയിലായത് സംരക്ഷണഭിത്തി നിർമ്മിച്ച് വീതി കൂട്ടും. ജലജീവൻ മിഷൻ പദ്ധതി പൂർണമായി നടപ്പിലാക്കുന്നതോടെ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയും. വാട്ടർ അതോറിട്ടി കട്ടപ്പനയുടെ കീഴിലുള്ള ഒമ്പത് പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചു. 6 പഞ്ചായത്തുകളിൽ നടപടി പൂർത്തിയാകുന്നു. യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ വാഴൂർ സോമൻ, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എൻ. നൗഷാദ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. എം. ലതീഷ് തുടങ്ങിയവർ പങ്കെടുത്തു.