
തൊടുപുഴ: ലൂണാർ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഐസക്ക് ജോസഫ് കൊട്ടുകാപ്പിള്ളിൽ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാരമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെയും ജീവൻ ടി.വിയുടെയും ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. 1946ൽ തലയനാട് കൊട്ടുകാപ്പിള്ളിൽ ഡോ. ജോസഫ് - റോസമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1970ൽ പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് പാസായ ശേഷം ഒരു വർഷം മുംബയിൽ പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി തൊടുപുഴ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ വൈക്കിംഗ് റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. 1982ലാണ് ലൂണാർ റബേഴ്‌സ് ആരംഭിക്കുന്നത്. ചുരുങ്ങിയ വർഷംകൊണ്ട് ലൂണാറിനെ വൻ വ്യവസായ സ്ഥാപനമാക്കി വളർത്താൻ ഐസക്കിനായി.
ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ വൈകിട്ട് 3.30ന് തൊടുപുഴ പൊന്നന്താനം സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: മേരിയമ്മ (കാഞ്ഞിരപ്പള്ളി നടയ്‌ക്കൽ കുടുംബാംഗം). മക്കൾ: ജൂബി, ജൂലി, ജെസ്. മരുമക്കൾ: ടീന പള്ളിവാതുക്കൽ (കാഞ്ഞിരപ്പള്ളി), സിബിൽ ജോസ് തരകൻ (തൃശൂർ), മരിയ ആലപ്പാട്ട് മേച്ചേരിൽ (ഒല്ലൂർ).