മൂലമറ്റം: കൂവപ്പള്ളി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്നവർക്ക് നേരെയുണ്ടായ പെരുന്തേനീച്ച ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. കൂവപ്പള്ളി എസ് വളവിൽ നെല്ലിപ്പിള്ളിൽ ജോർജ് (ബാബു- 55), സഹോദരൻ ബിജു (52), ഇഞ്ചിമാക്കൽ സാബു (55), ഭാര്യ മോളി (50), മേലേടത്ത് എം.വി. ജോസഫ് (55) എന്നിവർക്കാണ് ഈച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കപ്പ വാട്ടുന്നതിന് സമീപത്തുണ്ടായിരുന്ന മരത്തിലെ തേനീച്ചയാണ് ആക്രമിച്ചത്. പരിക്കേറ്റവർ മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ നിലത്ത് വീണ മോളിയെ ഈച്ച പൊതിയുകയായിരുന്നു. മോളിക്ക് ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ബിജുവിന്റെ കണ്ണിനകത്താണ് കുത്തേറ്റത്.