നെടുങ്കണ്ടം: പുഷ്പകണ്ടത്ത് സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച് പെട്രോൾ ഒഴിച്ച് ദമ്പതികളുടെ ആത്മഹത്യഭീഷണി. പുഷ്പകണ്ടം അണക്കരമെട്ടിൽ പാറവിള വീട്ടിൽ മണികുട്ടൻ, ഭാര്യ സിന്ധു എന്നിവരാണ് ഇന്നലെ വൈകിട്ടോടെ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവർ താമസിക്കുന്ന വീടിന് മുന്നിലായാണ് സ്വകാര്യ കമ്പനി മൊബൈൽ ടവർ നിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ കമ്പനി ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് നേടുകയായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നിർമ്മാണം തുടരാനാണ് അനുമതി നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസിന്റെ സംരക്ഷണയിൽ ടവറിന്റെ നിർമ്മാണം ആരംഭിച്ചതോടെയാണ് ആത്മഹത്യ ഭീഷണിയുമായി ദമ്പതികൾ രംഗത്ത് എത്തിയത്. നെടുങ്കണ്ടം എസ്.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവസരോചിതമായി ഇടപ്പെട്ടതോടെയാണ് ദമ്പതികൾ പിന്തിരിഞ്ഞത്. ജില്ലാ കളക്ടറെ ദമ്പതികൾ നേരിട്ട് കണ്ടിരുന്നുവെന്നും കളക്ടർ പണി നിറുത്തി വയ്ക്കാൻ പറഞ്ഞതായും സിന്ധു അവകാശപ്പെട്ടു. സംഭവത്തിൽ പൊലീസിന്റെ ഔദ്യോഗീക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് ദമ്പതികൾക്കെതിരെ കേസെടുത്തതായി എസ്.ഐ അറിയിച്ചു.