തൊടുപുഴ: മണ്ണിൽ കാലുറച്ച് നിന്ന്,​ പതറാതെ ആകാശം മുട്ടെ തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിയ ശേഷമാണ് തൊടുപുഴക്കാരുടെ പ്രിയ ലൂണാർ ഐസക്ക് വിടപറയുന്നത്. പിന്നാക്ക ജില്ലയായ ഇടുക്കിയിൽ നിന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ബ്രാൻഡ് വളർത്തിയെടുത്തതിന് പിന്നിലെ നിശ്ചയദാർഢ്യവും അർപ്പണബോധവും ചെറുതല്ല. വേണ്ടത്ര പശ്ചാത്തല സൗകര്യമൊന്നുമില്ലാത്ത 1975 കാലത്താണ് അദ്ദേഹം വ്യവസായ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്തെ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ 'വൈക്കിങ് റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനമാണ് ആദ്യം ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ നഷ്ടം നേരിട്ടെങ്കിലും നിരന്തരമായ പഠനവും വിദഗ്ദ്ധരുമായുള്ള സമ്പർക്കവും ക്രമേണ വ്യവസായത്തെ പുരോഗതിയുടെ ദിശയിലേക്ക് നയിച്ചു.
ലൂണാർ റബേഴ്‌സിന്റെ ജനനം 1981 ലായിരുന്നു. ചെറുകിട വ്യവസായമായിട്ടായിരുന്നു തുടക്കം. പിന്നീട് വൻകിട വ്യവസായമായി ലൂണാർ വളർന്നു. ലൂണാർ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനും ലൂണാർ റബേഴ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ ഐസക് ജോസഫ് മാർക്കറ്റിങ്ങിൽ പരീക്ഷണങ്ങൾ നടത്താനും ധൈര്യംകാട്ടി. പരസ്യരംഗത്ത് പുതുമകളുടെ വഴിയേ സഞ്ചരിച്ചു. അച്ഛൻ പാലാ കൊട്ടുകാപ്പിള്ളിൽ ഡോ. ജോസഫ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. പന്ത്രണ്ട് മക്കളിൽ ആരും ഉദ്യോഗസ്ഥരാകുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളജിൽനിന്ന് 1970ൽ മെക്കാനിക്കൽ വിഭാഗത്തിൽ ബിരുദമെടുത്ത ഐസക് ഒരു കൊല്ലം മുംബെയിൽ പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ ജോലി നോക്കി. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയാണ് തൊടുപുഴയിൽ ബിസിനസിലേക്ക് ഇറങ്ങിയത്.
ചെരിപ്പുകളുടെ ആകർഷകമായ ഡിസൈനുകളും ശക്തമായ വിപണന സംവിധാനവും പരസ്യങ്ങളുടെ പിന്തുണയും ലൂണാർ എന്നത് പരിചിത നാമമായി മാറാൻ ഏറെക്കാലം വേണ്ടിവന്നില്ല. ഇതിനിടെ കേരള സർക്കാരിന്റെ മികച്ച വ്യവസായ സംരംഭകനുള്ള പുരസ്‌കാരം, ബിസിനസ് എക്‌സലൻസ് അവാർഡ് എന്നിവടയക്കം നിരവധി ബഹുമതികൾ ഐസക്കിനെ തേടിയെത്തി. മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെയും ജീവൻ ടി.വിയുടെയും ഡയറക്ടറായിരുന്നു. കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കുളമാവ് ഗ്രീൻബെർഗ് ഹോളിഡേ റിസോർട്ടിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു.