lorry
വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറിയ ലോറി

നെടുങ്കണ്ടം: നിയന്ത്രണം നഷ്ടപ്പെട്ട ലോറി അർദ്ധ രാത്രിയിൽ വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അപകടം ഉണ്ടായത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ ചേമ്പളം കൊച്ചുപുരയ്ക്കൽ ഏപ്പച്ചന്റെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് ലോറി ഇടിച്ച് കയറിയത്. വീടിന്റെ മതിലും ഗേറ്റും തകർത്ത ലോറി മരത്തിലിടിച്ച് നിന്നത് വൻ ദുരന്തം ഒഴിവാക്കി. വീടിന്റെ ഗേറ്റടക്കം ഇടിയുടെ ആഘാതത്തിൽ തകർന്ന് തരിപ്പണമായി. വട്ടപ്പാറയ്ക്കും ചേമ്പളത്തിനുമിടയിൽ കുത്തിറക്കത്തിൽ അമിത വേഗതയിലെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ലോറി ഡ്രൈവർ പറയുന്നു. ലോറി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ തൊട്ടു താഴെയുള്ള പനച്ചിക്കൽ അപ്പച്ചന്റെ വീടിന് മുകളിലേയ്ക്ക് പതിക്കുമായിരുന്നു. തിരുച്ചിയിൽ നിന്ന് പൂപ്പാറയ്ക്ക് സിമന്റ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 30 ടൺ സിമന്റ് ലോറിക്കുള്ളിലുണ്ടായിരുന്നു. വളവ് തിരിയുന്നതിനിടെ അമിത വേഗതയിൽ രണ്ട് കാറുകളെത്തി. ഇടി ഒഴിവാക്കാനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ലോറി വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറുന്നത് കണ്ടിട്ടും കാറിലെത്തിയവർ സ്ഥലം വിട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.