 
ആലക്കോട്: പന്നിമറ്റം- പൂമാല റോഡിൽ നാഗാർജുന ഫാക്ടറിക്ക് സമീപം മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ നടക്കാനിറങ്ങിയവരാണ് റോഡിൽ മുള്ളൻ പന്നിയുടെ ജഡം ആദ്യം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുട്ടത്ത് നിന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ജഡം നീക്കം ചെയ്തു. തുടർന്ന് മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വനം വകുപ്പധികൃതർ പറഞ്ഞു. രാത്രിയിൽ റോഡിലിറങ്ങിയപ്പോൾ വാഹനം തട്ടിയതായാണ് സൂചന. പ്രദേശത്ത് ആദ്യമായാണ് മുള്ളൻ പന്നിയെ കണ്ടെത്തിയതെന്ന് നാട്ടുകാർ സൂചിപ്പിച്ചു. എട്ട് കിലോയുള്ള ആൺ മുള്ളൻപന്നിയാണ് ചത്തത്. ജഡം കുളമാവ് ഫോറസ്റ്റ് സെക്ഷൻ കോമ്പൗണ്ടിലെത്തിച്ച് മറവ് ചെയ്തു. തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിബിൻ ജോൺ, എസ്.എസ്.ഓ എ.എൻ.പ്രദീപ് കുമാർ, ബി.എഫ്.ഒ കെ.ആർ. രതീഷ്, പി. രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വനം വകുപ്പ് നടപടികൾ പൂർത്തിയാക്കിയത്.