house
വീടിൻെറ ഉൾവശം

നെടുംകണ്ടം: കരാറുകാരൻ നിർമ്മാണം പൂർത്തീകരിക്കാതെ ഉപേക്ഷിച്ചു പോയ വൃദ്ധയുടെ വീടിന് പൊലീസിന്റെ കൈത്താങ്ങ്. തെക്കുംകര പുത്തൻ വീട്ടിൽ രാജമ്മയുടെ (78) വീട് നിർമാണം പൂർത്തിയാക്കാനാണ് പൊലീസ് വാതിലും ജന്നലും വാങ്ങി നൽകിയത്. ഭർത്താവും രണ്ട് മക്കളും മരിച്ചുപോയ രാജമ്മയ്ക്ക് ലൈഫ് പദ്ധതി പ്രകാരം 2017-18 കാലയളവിലാണ് വീട് അനുവദിച്ചത്. എന്നാൽ ഉടുമ്പൻചോല സ്വദേശിയായ കരാറുകാരൻ 3,​60,​000 രൂപ വിവിധ ഘട്ടങ്ങളിൽ കൈപ്പറ്റി വീടിന്റെ വാർക്ക പോലും പൂർത്തീകരിക്കാതെ വീട്ടമ്മയെ പറ്റിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും പണികൾ പൂർത്തീകരിച്ച് നൽകാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് രാജമ്മ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി കരാറുകാരനെതിരെ പരാതി നൽകുകയായിരുന്നു. പൊലീസ് ഇടപെട്ടതോടെ ഇയാൾ കോൺക്രീറ്റ് ജോലികൾ ചെയ്തു. എന്നാൽ മഴയാകുമ്പോൾ ചോർന്നൊലിക്കുന്ന സ്ഥിതിയിലായിരുന്നു. പ്രധാന വാതിലും ജന്നലും ചാക്ക് കൊണ്ട് കാറ്റ് അടിക്കാതെ മറച്ചാണ് ഈ കാലയളവ് ജീവിച്ചു പോന്നത്. കഴിഞ്ഞ മൂന്നര വർഷമായി അടച്ചുറപ്പില്ലാത്ത ഈ വീട്ടിലാണ് താമസം. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഷാനു എം. വാഹിദിന്റെ നേതൃത്വത്തിൽ 18,​000 രൂപ മുടക്കി ജനലുകളും കതകും നിർമ്മിച്ചു നൽകി.