മുട്ടം: ഇടുക്കി പൊലീസിന്റെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മുട്ടത്ത് വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തി. മുട്ടം ടൗൺ, ജില്ലാ ജയിലിന് സമീപത്ത് വ്യവസായ പ്ലോട്ടിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. എറണാകുളം മേഖല പൊലീസ് ഡി.ഐ.ജിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം പൊലീസ് സബ് ഡിവിഷൻ കേന്ദ്രീകരിച്ച് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടാണ് റെയ്ഡ്. കഞ്ചാവ്, ചാരായം തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. സി.ഐ വി. ശിവകുമാർ, എസ്.ഐമാരായ പി.എസ്. സുബൈർ, പി.കെ. ഷാജഹാൻ, ഇടുക്കി ഡോഗ് സ്ക്വാഡിലെ സി.പി.ഒ ജെറി, മുട്ടം സി.പി.ഒമാരായ രാംകുമാർ, പ്രദീപ്, ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസും എക്സൈസ് വകുപ്പും കഴിഞ്ഞ ശനിയാഴ്ച മാത്തപ്പാറ, ശങ്കരപ്പള്ളി, കണ്ണാടിപ്പാറ എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. രാത്രിയിലും മഫ്തിയിലും മുട്ടത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.