തൊടുപുഴ: ഉടുമ്പന്നൂർ കൈതപ്പാറ മണിയാറൻകുടി റോഡ് നിർമ്മാണം സ്തംഭിച്ചതിന്റെ നിരാശയിലാണ് പ്രദേശവാസികൾ. മൂന്ന് മീറ്ററിൽ കൂടുതൽ റോഡിന് വീതി അനുവദിക്കാനാവില്ലെന്ന കാരണത്താൽ വനംവകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതോടെയാണ് മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന റോഡ് നിർമാണം സ്തംഭിച്ചത്. റവന്യൂ വനംവകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ റോഡ് നിർമ്മാണത്തിന് സർവേ നടപടികൾ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിനാണ് സർവേ ഉദ്ഘാടനം നിർവഹിച്ചത്. പ്രധാന മന്ത്രി ഗ്രാമീൺ സഡക്ക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഉടുമ്പന്നൂർ കൈതപ്പാറ മണിയാറൻകുടി റോഡില്ലെന്നും പാത കടന്നുപോകുന്ന വഴിയിൽ ആനത്താരകൾ ഉണ്ടെന്നുമാണ് വനംവകുപ്പിന്റെ പുതിയ കണ്ടെത്തൽ. വനത്തിലൂടെയുള്ള റോഡിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനാവശ്യ തടസം സൃഷ്ടിക്കരുതെന്ന് 2017ൽ വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് വനംമന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രി റോഷി അഗസ്റ്റിൻ, വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ റോഡ് നിർമാണം നടത്തുന്നതിന് ധാരണയിലെത്തിയിരുന്നു. ഇതേ തുടർന്നാണ് സർവേ നടപടികൾ നടത്തുന്നതിന് തീരുമാനമെടുത്ത് സർവേ ആരംഭിച്ചത്. ഇതിൽ നിന്നാണ് വനം വകുപ്പ് ഇപ്പോൾ പിന്നാക്കം പോയിരിക്കുന്നത്. വാഴത്തോപ്പിൽ നിന്ന് 36 കിലോമീറ്റർ ദൂരം യാത്രചെയ്താൽ തൊടുപുഴയിൽ എത്തിച്ചേരാമെന്നതാണ് ഈ റോഡിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ലോറേഞ്ചിനെയും ഹൈറേഞ്ചിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് യാഥാർത്ഥ്യമായിരുന്നെങ്കിൽ വികസന രംഗത്ത് വൻ കുതിപ്പ് സൃഷ്ടിക്കാൻ കഴിയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എതിർപ്പുമായി രംഗത്തെത്തിയതോടെ സംസ്ഥാന സർക്കാർ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവുമായി അടിയന്തര ചർച്ച നടത്തി അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ റോഡ് നിർമാണം നിലയ്ക്കുമെന്ന സ്ഥിതിയാണുള്ളത്.