തൊടുപുഴ: നിരത്തുകളിൽ ജീവൻ പൊലിയുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിൽ കഴിഞ്ഞ വർഷവും മുന്നിൽ തന്നെ. 967 വാഹനാപകടങ്ങളിലായി 41 പേരാണ് 2021ൽ ജില്ലയിൽ മരിച്ചത്. പരിക്കേറ്റ് അംഗഭംഗം സംഭവിച്ചവരുടെയും ജീവച്ഛവമായി മാറിയവരുടെയും എണ്ണം ഇതിന്റെ രണ്ടിരട്ടിയുണ്ടാകും. ഈ മാസം മാത്രം പത്തുപേരാണ് ജില്ലയിൽ വിവിധ ഇടങ്ങളിലായി വാഹനാപകടങ്ങളിൽ മരിച്ചത്. ജീവൻ പൊലിഞ്ഞവരിലധികവും യുവാക്കളാണ്. അപകടത്തിൽപ്പെട്ടവയിലേറെയും ഇരുചക്രവാഹനങ്ങളാണ്. വാഹനാപകടങ്ങളുടെ എണ്ണത്തിലും മരണസംഖ്യയിലും വർദ്ധനവുണ്ടായിട്ടുണ്ടെന്ന്‌ മോട്ടോർ വാഹന വകുപ്പും പൊലീസും ചൂണ്ടിക്കാട്ടുന്നു. വാഹനമോടിക്കുന്നവരും യാത്രക്കാരും മാത്രമല്ല, കാൽനടക്കാരും വരെ അപകടത്തിൽ മരിച്ചിട്ടുണ്ട്. അപകടങ്ങൾ കൂടുതലും നടക്കുന്നത് ഹൈറേഞ്ച്‌ മേഖലകളിലാണ്. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്ക് വഴിതെളിക്കുന്നു. ഹൈറേഞ്ചിലെ പലറോഡുകൾക്കും ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തികളോ ഇല്ല. അപടത്തിൽപ്പെടുന്നവരിൽ ബൈക്ക് റൈഡേഴ്‌സടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അപകടങ്ങളും ഒട്ടേറെയുണ്ട്. നെടുങ്കണ്ടത്ത് ഒരാഴ്ചക്കിടെ 19ഉം 24 ഉം വയസുള്ള രണ്ട് യുവാക്കളാണ് മരിച്ചത്.

അപകട കാരണം പലത്

1. അശ്രദ്ധമായ ഡ്രൈവിംഗ്

2. അമിത വേഗം

3. മദ്യപിച്ചുള്ള ഡ്രൈവിംഗ്

4. ഉറക്കമളച്ചുള്ള ഡ്രൈവിംഗ്

5. രാത്രിയിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്

6. ഡ്രൈവിംഗിനിടയിലുള്ള ഫോൺ ഉപയോഗം

7. മത്സരയോട്ടം

8. റോഡുകളുടെ ശോച്യാവസ്ഥ

9. തേഞ്ഞുതീരാറായ ടയർ

10. കാര്യക്ഷമതയില്ലാത്ത വാഹനം

ബോധവത്കരണം നടത്തും
റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാഹന പരിശോധന വർദ്ധിപ്പിക്കാനും ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ വീടുകളിൽ നേരിട്ടെത്തി ബോധവത്കരണം നടത്താൻ മോട്ടോർ വാഹന വകുപ്പ്. അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിൽ അമിതവേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വാഹനങ്ങളുടെ ലിസ്റ്റ് എടുത്ത് വീടുകളിൽനേരിട്ടെത്തി രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും ബോധവത്കരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പഞ്ചായത്ത് തലത്തിലടക്കം ജനപ്രതിനിധികൾ, വ്യാപാരികൾ, പൊലീസ്, എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരാൻ തീരുമാനിച്ചു. പൊതുജനങ്ങളെയും പങ്കാളികളാക്കും. ഇതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടത്ത് അടുത്തയാഴ്ച ആദ്യയോഗം ചേരുന്നുണ്ട്.

''ബൈക്ക് യാത്രികരാണ് ജില്ലയിൽ കൂടുതലും അപകടത്തിൽപ്പെടുന്നതെന്നാണ് കണക്കുകൾ. ഡ്രൈവിംഗ് ടെസ്റ്റിന് വരുന്ന ഓരോരുത്തർക്കും റോഡ് സുരക്ഷാ ബോധവത്കരണവുമായി ബന്ധപ്പെട്ട് ക്ലാസുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. "

- ഇടുക്കി ആർ.ടി.ഒ രമണൻ