മൂലമറ്റം: കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ജീർണിച്ച ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചുനീക്കാൻ തീരുമാനം. മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിൽ കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലായ നിരവധി ക്വാര്‍ട്ടേഴ്സുകളാണുള്ളത്. മൂലമറ്റം വൈദ്യുതി നിലയത്തിന്റെയും ഇടുക്കി പദ്ധതിയുടെയും നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ക്വാര്‍ട്ടേഴ്സുകള്‍ സ്ഥാപിച്ചത്. പിന്നീട് ഇത്‌ ജീവനക്കാര്‍ക്ക് താമസത്തിനായി നല്‍കുകയായിരുന്നു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണിത്. നൂറോളം കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും ഭിത്തികളിലും കാട് വളര്‍ന്ന് ഇഴ ജന്തുക്കളുടെ താവളമായി. ചില കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഓരോ വർഷവും ക്വാര്‍ട്ടേഴ്സുകളുടെ നവീകരണത്തിന് സർക്കാർ ലക്ഷങ്ങൾ അനുവദിക്കാറുണ്ടെങ്കിലും നവീകരണം എങ്ങും എത്താറില്ല എന്നാണ് ഇവിടെ താമസിക്കുന്നവർ പറയുന്നത്. ക്വാര്‍ട്ടേഴ്സിന്റെ നടത്തിപ്പ് ചുമതല കെ.എസ്.ഇ.ബിയുടെ ഒരു എ.ഇയ്ക്കാണ്. ആള്‍ത്താമസമില്ലാത്തതും ഇടിഞ്ഞു പൊളിഞ്ഞതുമായ കെട്ടിടത്തില്‍ പകലും രാത്രിയിലും സാമൂഹിക വിരുദ്ധരുടെ ശല്യവും പ്രശ്നമായിരുന്നു. ഇത്‌ സംബന്ധിച്ച് "കേരള കൗമുദി" വാർത്ത നൽകിയിരുന്നു. അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ച് നീക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചത്. തുടർന്ന് പൊളിച്ചുനീക്കി ലേലം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഉപയോഗശൂന്യമായ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനും ലേലം ചെയ്യാനും നടപടി സ്വീകരിക്കാന്‍ കോളനിയുടെ മേല്‍നോട്ടച്ചുമതലയുള്ള ക്യാമ്പ് ഓഫീസ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായേക്കുമെന്നാണ് പ്രതീക്ഷ.