തൊടുപുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തുടർച്ചയായ രണ്ടാമത്തെ ഞായറാഴ്ചയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം വീട്ടിലിരുന്നു. അനാവശ്യ യാത്രകളൊഴിവാക്കി ജനങ്ങൾ സഹകരിച്ചതോടെ പൊതുയിടങ്ങൾ തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ഏതാനും ദീർഘദൂര സർവീസുകൾ നടതതിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. പല റോഡുകളും ഹർത്താൽ ദിനത്തിലേത് പോലെ ഒഴിഞ്ഞുക്കിടന്നു. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും കാര്യമായ തിരക്കുണ്ടായില്ല. പാഴ്സൽ സർവീസ് മാത്രമായി ചില ഹോട്ടലുകളും പ്രവർത്തിച്ചു. രാവിലെ മുതൽ റോഡുകളിലുണ്ടായിരുന്ന പൊലീസ് മതിയായ കാരണമില്ലാതെ യാത്ര ചെയ്തവർക്കെതിരെ കേസെടുത്തു.