മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി സ്വദേശത്തേക്ക് കടന്ന പ്രതികളെ ജാർഖണ്ഡിൽ നിന്ന് പിടികൂടി മൂന്നാറിൽ എത്തിച്ചു. ജാർഖണ്ഡ് മിഞ്ചിക്കൽ സ്വദേശിയായ ശരൺ സോയ് (29)യെ കൊലപ്പെടുത്തിയ ഡാബൂ ചാമ്പിയാ (27),​ ഷാദേവ് ലാങ്(28) എന്നിവരെ ജാർഖണ്ഡിലെ സോനാസിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അഞ്ചംഗ പൊലീസ് സംഘം പ്രതികളെ മൂന്നാറിലെത്തിച്ചത്. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ്, എസ്.എച്ച്.ഒ കെ.പി. മനേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു. വൈകിട്ട് സംഭവം നടന്ന ഗുണ്ടുമല ടോപ്പ് ഡിവിഷനിൽ എത്തിച്ച് തെളിവെടുപ്പും നടത്തി. മദ്യപാനത്തെ തുടർന്ന് ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ പറഞ്ഞു. കൊല്ലപ്പെട്ട ശരൺ സോയിയുടെ ബൈക്ക് മറിച്ച് കേടുപാട് വരുത്തിയതിന് പ്രതികളെ ഇയാൾ മർദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീണ്ടും വഴക്കുണ്ടായത്. ഉന്തും തള്ളും ഉണ്ടായതിനിടയിൽ പ്രതികളുടെ കൈയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ശരണിന്റെ തലയ്ക്ക് പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം നാടുവിട്ട പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണ സംഘം. ഇൻസ്‌പെക്ടർ കെ.പി. മനേഷ്,​ ശാന്തൻപാറ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പി.ഡി അനൂപ് മോൻ, എന്നിവരടങ്ങിയ ഒമ്പതംഗ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികൾ നാടുവിട്ടതറിഞ്ഞ പൊലീസ് ഇവരുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഞായറാഴ്ച വൈകിട്ട് പ്രതികളുമായി പൊലീസ് മൂന്നാറിലെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.