തൊടുപുഴ: കൊവിഡ് മൂന്നാം തരംഗം പിടിച്ചുകെട്ടി പ്രതിരോധം തീർക്കാൻ കൂടുതൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ ഒടുവിൽ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം താഴാതെ നിൽക്കുന്നതിനാലും ജീവനക്കാരുടെ അഭാവം മൂലം പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെയുമാണ് പിരിച്ചുവിട്ട ജീവനക്കാരെയടക്കം തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
286 താത്കാലിക ജീവനക്കാരുടെ തസ്തികയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ഇവരിൽ 120 പേരെ കിടത്തി ചികിത്സയുള്ള ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണ് നിയമിക്കുക. ഇവരെ നിയമിക്കാനുള്ള ഇന്റർവ്യൂവടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതത് പ്രദേശത്തെ നോഡൽ ആഫീസർമാർക്കാണ് ഇതിന്റെ ചുമതല. ഡോക്ടർമാർ മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ളവരാണ് കൊവിഡ് ബ്രിഗേഡിലുണ്ടായിരുന്നത്.
നേരത്തെ എണ്ണൂറോളം ജീവനക്കാരാണ് കരാർ അടിസ്ഥാനത്തിൽ കൊവിഡ് ബ്രിഡേഗിലുണ്ടായിരുന്നത്. ഇവരെ ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പിരിച്ചുവിടുകയായിരുന്നു. ഇതോടെ ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും മാത്രമായി മൂന്നൂറോളം ജീവനക്കാരാണ് ഇല്ലാതായത്. മൂന്നാം തരംഗം ആരംഭിച്ചതു മുതൽ ഇവരെ വീണ്ടും തിരികെയെടുക്കണമെന്ന് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല. ഇതോടെ ആവശ്യത്തിന് ജീവനക്കാരില്ലാതെ ജില്ലയിലെ ആരോഗ്യമേഖല കിതയ്ക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകർ പലരും കൊവിഡ് ബാധിതരായതോടെ ആളില്ലാതെ ഇടുക്കി ഗവ. മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയുടെ പ്രവർത്തനം രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങി. ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, നഴ്‌സിംഗ് ജീവനക്കാർ, ലബോറട്ടറി ജീവനക്കാർ എന്നിവരടക്കം നൂറിലേറെ പേർക്കാണ് ജില്ലയിൽ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ചത്. പരിചരിക്കാൻ ആളില്ലാത്തതിനാൽ ഗുരുതര രോഗികൾക്ക് പോലും കിടത്തി ചികിത്സ നൽകാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.
കൂടുതൽ സി.എഫ്.എൽ.ടിസികൾ ആരംഭിക്കും
കിടത്തി ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കും. നെടുങ്കണ്ടം, കുമളി, അടിമാലി എന്നിവിടങ്ങളിലാണ് സി.എഫ്.എൽ.ടിസികൾ ആരംഭിക്കുക. നിലവിൽ തൊടുപുഴ ജില്ലാ ആശുപത്രി, ഇടുക്കി മെഡിക്കൽ കോളേജിൽ രണ്ടിടങ്ങളിൽ, കട്ടപ്പന സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിലാണ് കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ളത്.
'താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കിടത്തി ചികിത്സയുള്ളയിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയമനം. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ സി.എഫ്.എൽ.ടി.സികൾ തുറക്കും."
-ഡോ. ജേക്കബ് വർഗീസ്
(ജില്ലാ മെഡിക്കൽ ഓഫീസർ)