മുട്ടം: റോഡരുകിൽ ഒരുക്കിയ സുരക്ഷ സംവിധാനം വാഹനാപകടങ്ങൾ വർദ്ധിപ്പിക്കുന്നു. മുട്ടം -തുടങ്ങാനാട് റൂട്ടിൽ ചള്ളാവയലിന് സമീപം റോഡിന്റെ ഒരു വശം രണ്ട് മീറ്ററോളം നീളത്തിൽ താഴ്ന്നിരുന്നു. കരിങ്കുന്നം കുടി വെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച ഭാഗത്തായിട്ടാണ് റോഡ് താഴ്‌ന്നത്. ഒരു മാസക്കാലമായിട്ട് ഈ അവസ്ഥയാണ്. ഇവിടെ വാഹനാപകടങ്ങൾ സംഭവിക്കാതിരിക്കാൻ ആസ്പറ്റോസ് പൈപ്പ് വെച്ച് സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. എന്നാൽ ആസ്പറ്റോസ് പൈപ്പിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യ സംഭവങ്ങളാവുകയാണ്. രാത്രി കാലങ്ങളിലാണ് അപകടങ്ങൾ കൂടുതലായും സംഭവിക്കുന്നത്. അപകടത്തിൽപ്പെടുന്നത് കൂടുതലും ഇരു ചക്ര വാഹനങ്ങളാണ്. അധികൃതർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.