തൊടുപുഴ: വേനൽചൂട് കടുത്തതോടെ ജില്ലയിലെങ്ങും തീപിടിത്തങ്ങൾ വ്യാപകമാവുകയാണ്. ജില്ലയിലെ അഗ്‌നിശമന നിലയങ്ങളിലെ കണക്കുകൾ പ്രകാരം ഓരോ ഫയർ യൂണിറ്റിന് കീഴിലും പ്രതിദിനം രണ്ട് തീപിടിത്തങ്ങളെങ്കിലും കുറഞ്ഞത് ഉണ്ടാകാറുണ്ടെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ തോതിൽ ഭീഷണി ഉയർത്തിയിരുന്നു. ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്. വനമേഖല കഴിഞ്ഞാൽ ജില്ലയിൽ റബ്ബർ തോട്ടങ്ങളിലാണ് കൂടുതലും തീപിടിത്തങ്ങൾ ഉണ്ടാകുന്നത്. തോട്ടങ്ങളിൽ പൈനാപ്പിൾ കൃഷിക്ക് ശേഷം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ തീപിടിത്തമുണ്ടായി തൈ റബർ മരങ്ങൾക്ക് പൊള്ളലേറ്റ് കനത്ത നാശനഷ്ടം സംഭവിക്കാറുണ്ട്. സ്വന്തം തോട്ടങ്ങളിൽ ഫയർലൈൻ നിർമ്മിച്ച് സുരക്ഷ ഒരുക്കുന്നത് ഒരു പരിധിവരെ സഹായകമാണെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകുന്നു. ഇതുകൂടാതെ വേനൽക്കാലത്ത് ശക്തമായ കാറ്റ് ഉണ്ടാവുന്ന സാഹചര്യങ്ങളിൽ ഇലക്ട്രിക്ക് ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി വീണും തീപിടുത്തം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യമുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെട്ട് ഒഴിവാക്കണം. പറമ്പുകളിൽ തീയിടുമ്പോൾ ശക്തമായ കാറ്റിൽ തീപ്പൊരികൾ പടർന്ന് തീപിടുത്തം ഉണ്ടാകാറുണ്ട്. തീ പടർന്നാൽ അണയ്ക്കാൻ ആവശ്യമായ വെള്ളമുണ്ടെന്ന മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം ചപ്പുചവറുകൾ കത്തിക്കുന്നതിന് ശ്രമിക്കുക. റബർ ഷീറ്റുകൾ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ,​ മെഴുക് എന്നിവ ശക്തമായ ചൂടിൽ എത്തുമ്പോൾ സ്വയം കത്തുന്നതിന് സാധ്യതയുള്ള വസ്തുക്കളാണ്. അടച്ചിട്ട മുറികളിലോ വായുസഞ്ചാരം കുറഞ്ഞ മുറികളിലോ ഇവ ധാരാളം സ്റ്റോക്ക് ചെയ്യുന്നതുമൂലം അമിതമായി ചൂടായി സ്വയം കത്തുന്നതിനും സാദ്ധ്യതയുണ്ടെന്ന് അഗ്നി രക്ഷാ സേന പറയുന്നു. ഭൂപ്രകൃതികളുടെ പ്രത്യേകത കാരണം ഫയർഫോഴ്സിന് ജില്ലയിൽ തീ പിടിക്കുന്ന പ്രദേശങ്ങളിലെല്ലാം എത്തിപ്പെടാനും സാധിക്കാറില്ല.

ശ്രദ്ധിച്ചാൽ തടയാം

 കാടുകയറികിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക

 ചവർ കത്തിക്കുന്നതിന് മുമ്പ് വെള്ളം കരുതുക

 തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം

 മാലിന്യ കൂമ്പാരങ്ങൾ ഒന്നിച്ച് കത്തിക്കരുത്

 ഇന്ധനങ്ങൾ വീടിന് സമീപം സൂക്ഷിക്കരുത്

 വീടിന് പുറത്തുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കണം

 വാഹനങ്ങൾ വെയിലത്ത് നിറുത്തിയിടരുത്


കിണറിലിറങ്ങുമ്പോൾ

സൂക്ഷിക്കണേ...

വേനൽക്കാലങ്ങളിൽ കിണർ തേകുന്നതിന് ഇറങ്ങുന്ന വ്യക്തികൾ ശ്വാസം കിട്ടാതെ വന്ന് തിരിച്ച് കയറാനാവാത്ത വരാറുണ്ട്. കയറിൽ തൂങ്ങി കയറുന്നതിന് ശ്രമിക്കുമ്പോൾ കൈകൾ കുഴഞ്ഞ് കിണറ്റിൽ തന്നെ വീഴാറുണ്ട്. കിണർ മൂടി ഇരിക്കുന്ന വലകൾ പൂർണമായും മാറ്റി വായുസഞ്ചാരം ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കിണർ തേകുന്ന വെള്ളം തന്നെ കുറച്ച് നേരം കിണറ്റിലേക്ക് പമ്പ് ചെയ്‌തോ നിവർത്തിയ കുടയോ ചപ്പുചവറുകളോ കയറിൽ കെട്ടി പൊക്കുകയും താഴ്ത്തുകയും ചെയ്ത് ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം കിണറിൽ ഇറങ്ങുന്നതിന് ശ്രദ്ധിക്കണം.