തൊടുപുഴ: ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടതു മുന്നണിയുടെ സംരക്ഷണം ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കുമെന്ന്‌ കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് ഘടക കക്ഷികൾ ഉണ്ടാക്കിയിരുന്ന ധാരണകൾ നടപ്പിലാക്കേണ്ടതുണ്ട്. കോൺഗ്രസ് പാർട്ടിയും കേരളാകോൺഗ്രസും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം വാത്തിക്കുടി പഞ്ചായത്തിൽ ആദ്യ വർഷം കേരളാകോൺഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. ജനുവരി എട്ടിന് ഒരു വർഷം കാലാവധി പൂർത്തിയായി. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയുടെ അടിസ്ഥാനത്തിൽ ജനുവരി 31 വരെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിന്ദു ജോസിന് കാലാവധി നീട്ടിക്കൊടുത്തു. കരാർ അനുസരിച്ച് 31ന് രാജി വയ്ക്കാൻ ഇവർ സമ്മതം അറിയിക്കുകയും ചെയ്തതാണ്. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ഇടതു മുന്നണിയിൽ ചേർന്നത് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയും മന്ത്രി റോഷി അഗസ്റ്റിനും കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ ഈ പ്രവർത്തനങ്ങൾക്കെതിരെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രതിഷേധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് പ്രതിനിധിയായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നമായ ചെണ്ട ചിഹ്നത്തിലാണ് സിന്ദുജോസ് മത്സരിച്ചത്. നിയമപരമായി പാർട്ടി മാറുന്നതിനോ മുന്നണി മാറുന്നതിനോ അവർക്ക് അവകാശമില്ല. തുടർന്നും പാർട്ടിയുടെയും മുന്നണിയുടെയും വിപ്പിനനുസരിച്ച് പ്രവർത്തിക്കാൻ അവർ ബാധ്യസ്ഥയാണ്. വിപ്പ് ലംഘിക്കുന്ന പക്ഷം നിയമ നടപടിയുമായി മുന്നോട്ടുപോയി അയോഗ്യയാക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ജേക്കബ് പറഞ്ഞു.