ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങളുള്ല ഭൂവുടമകളായ തോട്ടംതൊഴിലാളികളെ വലയിലാക്കാൻ ഏജന്റുമാർ രംഗത്ത്. നഷ്ടമായ പട്ടയത്തിന് പകരം പുതിയത് നേടിയെടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഏജന്റുമാർ ഇവരെ സമീപിക്കുന്നത്. നിരക്ഷരരായ തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരക്കാരെ സൂക്ഷിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പട്ടയവുമായി ബന്ധപ്പെട്ട യാതൊരു നടപടികളിലും ഇടനിലക്കാരെയോ ഏജന്റുമാരെയോ ഇടപെടുത്തുന്നതല്ലെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് പറഞ്ഞു. രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പല ഏജന്റുമാരും ഇടനിലക്കാരും രംഗത്തിറങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭൂവുടമകൾ ഇടനിലക്കാരേയോ ഏജന്റുമാരേയോ രേഖകളോ പണമോ ഏൽപ്പിക്കാനോ പ്രതിനിധികളായി നിയോഗിക്കാനോ പാടില്ലെന്ന് കളക്ടർ പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് 530 പട്ടയങ്ങളും പരിശോധിക്കും. ഇതിന് ശേഷം അർഹതയില്ലാത്തവ റദ്ദാക്കും. ഇതിന് ശേഷം മാത്രമേ പുതിയ പട്ടയങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കൂ. 1999ലാണ് അഡീ. തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ രവീന്ദ്രൻ ദേവികുളം താലൂക്ക് ഓഫീസിൽ നിന്ന് ഒമ്പത് വില്ലേജുകളിലായി 530 പട്ടയങ്ങൾ നൽകിയത്. ഇതാണ് കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയത്.