തൊടുപുഴ: സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി 12കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാല് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കരിമണ്ണൂർ നെയ്യശേരി തൈപ്പറമ്പിൽ ഷെമീലിയെ (ആദം- 42) തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സൻ എം. ജോസഫാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാൻ വീഴ്ച വരുത്തിയാൽ അഞ്ച് മാസം കഠിന തടവുകൂടി അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു വർഷം കൂടി ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. എന്നാൽ ഈ കുറ്റത്തിന് പതിനായിരം രൂപ പിഴ ഒടുക്കണം. കേസിൽ ഇരയായ 12 കാരിക്ക് ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടി അമ്പതിനായിരം രൂപ നഷ്ട പരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2016 മാർച്ച് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റക്കായിരുന്ന കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതി ലൈംഗികാ അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയിൽ കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. താനും സുഹൃത്തും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നതിലെ തർക്കത്തെ തുടർന്ന് ഉണ്ടായ വ്യാജ പരാതിയാണന്ന പ്രതിഭാഗം വാദം കോടതി തള്ളി. ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നെന്ന് പ്രതിയുടെ രണ്ട് ബന്ധുക്കൾ മൊഴി നൽകിയെങ്കിലും അവരുടെ മൊഴികൾ വിശ്വസിക്കാനാവില്ലന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.