തൊടുപുഴ: ലൂണാർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഐസക്ക് ജോസഫ് കൊട്ടുകാപ്പള്ളിയുടെ സംസ്‌കാരം പൊന്നന്താനം സെന്റ് പീറ്റേഴ്‌സ് ആന്റ് പോൾസ് പള്ളിയിൽ നടത്തി. പള്ളിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും വീട്ടിലെ ശുശ്രൂഷകൾക്ക് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കീരംപാറയും നേതൃത്വം നൽകി. വിൻസെൻഷ്യൻ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ഫാ. മാത്യു തടത്തിൽ വീട്ടിലും കോതമംഗലം രൂപതാ വികാരി ജനറൽ റവ. ഡോ. പയസ് മലേക്കണ്ടം പള്ളിയിലും അനുശോചന സന്ദേശം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം ഇടവക വികാരി ഫാ. ഏബ്രഹാം നിരവത്തിനാൽ പള്ളിയിൽ വായിച്ചു. തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ വീട്ടിലെത്തി ഒപ്പീസ് ചൊല്ലി പ്രാർഥിച്ചു. കേരളകൗമുദിയ്ക്ക് വേണ്ടി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. മുൻ മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ്, മോൻസ് ജോസഫ് , ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ് തുടങ്ങി സമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധിപ്പേർ അന്തിമോപചാരമർപ്പിച്ചു.