പട്ടുവം: പുഴവെള്ളത്തിൽ ഉപ്പിന്റെ കാഠിന്യം ഏറാൻ തുടങ്ങിയതോടെ പട്ടുവം പുഴയിൽ കരിമീൻ പിടുത്തക്കാർ സജീവമായി. കർണാടകയിലെ കാർവാറിൽ നിന്നും നാടോടികളായി എത്തി കരിമീൻ പിടിക്കുന്ന സംഘത്തിൽപെട്ടവരാണ് ഇവിടെ സജീവമായി പുഴയിലിറങ്ങുന്നത്.പുഴ മത്സ്യങ്ങളിൽ തീൻമേശയിൽ ഏറേ പ്രിയങ്കരമായ കരിമീൻ ധാരാളമായി ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പട്ടുവം പുഴ.
മുൻകാലങ്ങളിൽ നാടോടി സംഘം റോഡരികുകളിലോ ഒഴിഞ്ഞ പറമ്പുകളിലോ പ്ളാസ്റ്റിക് ഷീറ്റുകൾകൊണ്ട് ഷെഡ്ഡ് കെട്ടിയായിരുന്നു ഇവരുടെ താമസം. എന്നാൽ ഒഴിഞ്ഞ പറമ്പുകൾ മതിൽ കെട്ടി സംരക്ഷിക്കുന്നതും റോഡുകൾ വീതി കൂട്ടിയതും കാരണം വാടക വീടുകളിലാണ് ഇവർ കഴിയുന്നത്. മാതമംഗലത്തിനടുത്ത കണ്ടോന്താറിലും ഏഴിലോടും പയ്യന്നൂരുമായി കരിമീൻ വേട്ടക്കാരായ പന്ത്രണ്ട് കുടുംബങ്ങൾ ഉണ്ട്. കണ്ടോന്താറിനടുത്ത് വണ്ണാത്തിപ്പുഴയുണ്ട്. എന്നാൽ, പട്ടുവം പുഴയിലെത്തണമെങ്കിൽ ഇവർ പിന്നെയും സഞ്ചരിക്കണം. പുഴയോര പ്രദേശങ്ങളിൽ നിന്നും അകന്നുകഴിയേണ്ടിവരുന്നത് ഇവരുടെ വലിയ ദുഃഖമാണ്. 2000 രൂപയോളം വാടകയും നല്കണം.
സീസൺ കാലത്ത് സ്വന്തം നാട്ടിൽ നെല്ലും പരുത്തിയും കൃഷി ചെയ്യാനായി ഇവർ തിരിച്ചുപോകാറുണ്ട്. എന്നാൽ ആ കൃഷിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വരുമാനം കരിമീൻ തരുമെന്നാണ് ഇവർ പറയുന്നത്. അരനൂറ്റാണ്ടായി കഴിയുന്ന മത്സ്യത്തൊഴിലാളികളായ തങ്ങൾക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.