കണ്ണൂർ: ലാപ്രോസ്‌കോപിക് സർജറി രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ശരീരത്തിൽ ചെറിയ മുറിവ് പോലും സൃഷ്ടിക്കാത്ത നൂതന രീതിയായ വിനോട്‌സ് സംവിധാനം കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ചു. കേരളത്തിലാദ്യമായാണ് ഈ സംവിധാനം നിലവിൽ വരുന്നത്. ഗർഭപാത്രത്തിൽ മുഴയും അമിത രക്തസ്രാവവും മൂലം ബുദ്ധിമുട്ടനുഭവിച്ച 44 വയസുകാരിയിൽ ആണ് ആസ്റ്റർ മിംസിൽ ആദ്യമായി ഈ ചികിത്സാരീതി വിജയകരമായി നിർവ്വഹിച്ചതെന്ന് ഡോ. എൻ.കെ. സൂരജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർജറിയുടെ തൊട്ടടുത്ത ദിവസം അവർ ആശുപത്രിവിട്ടു. വേദനയും മറ്റു ബുദ്ധിമുട്ടുകളും താരതമ്യേന വളരെ കുറവാണെന്നും അവർ പറഞ്ഞു.

ഗർഭപാത്രം നീക്കം ചെയ്യൽ, ഗർഭാശയ മുഴ നീക്കം ചെയ്യൽ, അണ്ഡവാഹനി കുഴൽ നീക്കം ചെയ്യൽ പോലുള്ള ഗൈനക്കോളജിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്കാണ് വിനോട്ട് കൂടുതൽ അനുയോജ്യമാകുന്നത്. ശരീരത്തിലെ സ്വാഭാവിക സുഷിരങ്ങളിലൂടെ ലാപ്രോസ്‌കോപ് കടത്തിവിട്ട് താക്കോൽദ്വാര ശസ്ത്രക്രിയാ രീതിയിലൂടെയാണ് വിനോട്ട് നിർവ്വഹിക്കുന്നത്. വേദന കുറവ്, ചെറിയ മുറിവ് പോലും ശരീരത്തിൽ സൃഷ്ടിക്കപ്പെടുന്നില്ല, ഏറ്റവും വേഗത്തിൽ സ്വാഭാവിക ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്, ഹോസ്പിറ്റൽ വാസദൈർഘ്യത്തിലെ കുറവ്, വേദന സംഹാരികളുടെ ആവശ്യം വളരെ കുറവ് മുതലായവയെല്ലാം ഈ ചികിത്സാ രീതിയുടെ സവിശേഷതകളാണ്.
ഡോ. അയിഷ (കൺസൾട്ടന്റ് സർജൻ), ഡോ. സാഗരിക, അനസ്തറ്റിസ്റ്റുമാരായ ഡോ. ശരത്, ഡോ. റാഷിഫ്, സിസ്റ്റർ അംബിക എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡോ. ജുബൈരിയത്ത്, ഡോ. അയിഷ, ഡോ. ശ്രീദേവി, ഡോ. സുപ്രിയ രഞ്ജിത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.