wood
മരംകൊള്ള

83 മരങ്ങൾ കാണാനില്ല

കണ്ണൂർ: കിഫ്ബിഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ മറവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വൻമരങ്ങൾ മുറിച്ചുനീക്കി. പൊതുമരാമത്ത് വകുപ്പിന്റെ നടപടിയിൽ വിജിലൻസ് അന്വേഷണം. ചന്തപ്പുര, പരിയാരം മെഡിക്കൽ കോളേജ്, ശ്രീസ്ഥ, നെരുവമ്പ്രം, ഒഴക്രോം, പറപ്പൂൽ, കണ്ണപുരം എന്നിവിടങ്ങളിലെ റോഡരികിൽ നിന്ന് 83 മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് സ്ഥിരീകരിച്ചത്.

പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) മാടായി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ളതാണ് പ്രവൃത്തി. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം മരംമുറിച്ച പ്രദേശങ്ങളിൽ പരിശോധന നടത്തി.2018 ഡിസംബറിലാണ് റോഡ് അഭിവൃദ്ധിപ്പെടുത്തലിനായി മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി തുടങ്ങിയത്. പൊതുമരാമത്ത് അധികൃതർ മരങ്ങൾ തിട്ടപ്പെടുത്തി വിലനിർണ്ണയത്തിനായി സോഷ്യൽ ഫോറസ്ട്രി വകുപ്പിന് കത്ത് നൽകിയിരുന്നു. 82 മരങ്ങൾക്ക് 5,85,000 രൂപയാണ് സോഷ്യൽ ഫോറസ്ട്രി വകുപ്പ് ഇവയുടെ വില കണക്കാക്കിയത്. ആരും മരങ്ങൾ ലേലം കൊണ്ടതിന് പൊതുമരാമത്ത് വകുപ്പിൽ നിലവിൽ ഒരു രേഖയുമില്ല. 2019 ഒക്‌ടോബർ മുതൽ ഏഴ് തവണ ലേലതീയതികൾ നിശ്ചയിച്ച് കാത്തിരുന്നിട്ടും ആരും ലേലത്തിൽ പങ്കെടുത്തില്ലെന്നാണ് ഓഫീസിലെ രേഖകളിലുള്ളത്.

മുറിച്ചിട്ട മരങ്ങൾ എവിടെ

അഞ്ചാംപീടികയിൽ നാട്ടുകാരുടെ പ്രതിഷേധം കാരണം മുറിക്കാതെ പോയ ഒരു പ്ലാവ് മാത്രമാണ് ഈ 82 മരങ്ങളിൽ ഇപ്പോൾ ബാക്കിയുള്ളത്. റോഡ് ഉണ്ടാക്കാൻ തടസ്സമായ മരങ്ങൾ മുറിക്കാൻ സാങ്കേതിക തടസമില്ലെങ്കിലും മുറിച്ചിട്ട മരങ്ങൾ സൂക്ഷിപ്പിലുണ്ടാകണമെന്നാണ് നിയമം. ഇപ്പോൾ ഇവ എവിടെയാണെന്ന് ആർക്കുമറിയില്ല,
അതേസമയം ഇവയിൽപ്പെടാത്ത മറ്റ് നാല് മരങ്ങൾ നെരുവമ്പ്രംമെഡിക്കൽ കോളേജ് പ്രദേശത്തുണ്ടായിരുന്നതിൽ രണ്ട് മരങ്ങൾ കാണാനേയില്ല. മറ്റൊന്നിന്റെ മുറിച്ച കുറ്റി മാത്രം കാണാം. ഒരു മരം മാത്രമേ ഇക്കൂട്ടത്തിലും ഇപ്പോൾ ബാക്കിയുള്ളൂ. ഈ നാല് മരങ്ങൾക്കും ആകെ 58,950 രൂപയാണ് സോഷ്യൽ ഫോറസ്ട്രി അധികൃതർ വില കണക്കാക്കിയിരുന്നത്.

മരങ്ങൾ കാണാതായ സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് സ്വമേധയാ അന്വേഷണമാരംഭിക്കുകയായിരുന്നു. ലേലം മുടങ്ങിയിട്ടും മരങ്ങൾ എങ്ങനെ മുറിച്ചുകടത്തപ്പെട്ടുവെന്നതിന് ഒരു രേഖയും പി.ഡബ്ള.ഡി.ഓഫീസിൽ ഇല്ല -

ബാബു പെരിങ്ങേത്ത്, വിജിലൻസ് ഡിവൈ.എസ്.പി, കണ്ണൂർ