കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ വീണ്ടും പ്രകാശം പരത്താൻ തയ്യാറാകുന്നു. അഴിമതിയുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്നതിനിടെ തന്നെ ഈ മാസം 9ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിക്കുമെന്നാണ് ഡി.ടി.പി.സി അറിയിച്ചിരിക്കുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് പ്രവൃത്തി ഏകദേശം പൂർത്തിയായതായും ഒമ്പതിന് ട്രയൽറൺ നടത്തുമെന്നും ഡി.ടി.പി.സി വ്യക്തമാക്കിയത്.
2016 ഫെബ്രുവരി 29ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ പ്രദർശനം ഒറ്റ ദിവസത്തിൽ അന്ന് ഒതുങ്ങി. ഗൊൽക്കൊണ്ട കോട്ട, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുർ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോർ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുവടു പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്.
ചിലവിട്ടത് 3.88 കോടി
ടൂറിസം വകുപ്പിന്റെ 3.88 കോടി രൂപാ ചെലവിലായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാതയിൽ തുറസായ സ്ഥലത്തിനോടു ചേർന്നുള്ള കോട്ടയുടെ ചുമരിൽ ഇംഗ്ലീഷിലും മലയാളത്തിലും കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി. ഒരേ സമയം 250 പേർക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു.
പറയും കണ്ണൂരിന്റെ പൈതൃകം
പോർച്ചുഗീസുകാർ കണ്ണൂരിലെത്തുന്നതു മുതലുള്ള ചരിത്രം പ്രതിപാദിക്കുന്നതിനൊപ്പം അറയ്ക്കൽ, ചിറക്കൽ, കണ്ണൂരിന്റെ പാരമ്പര്യം, കോലത്തിരി നാടിന്റെ പെരുമ, ബ്രിട്ടീഷുകാരുടെ വരവ്, പഴശ്ശി പോരാട്ടം, സ്വാതന്ത്ര്യ സമര പോരാട്ടം എന്നിവയെല്ലാം പങ്കു വെക്കുന്ന രീതിയിലാണ് ഷോ. ആധുനിക സജ്ജീകരണങ്ങളായ മൾട്ടി മീഡിയ സ്‌കാനിംഗ്, ലേസർ പ്രോജക്ടുകൾ എന്നിവ വിനിയോഗിച്ചായിരുന്നു അവതരണം. 56 മിനിട്ട് നീണ്ടു നിൽക്കുന്ന പരിപാടിക്കു ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടിയും കാവ്യാ മാധവനുമായിരുന്നു. ഈ പദ്ധതി ഒറ്റ ദിവസം കൊണ്ട് നിലച്ചത് സംബന്ധിച്ച് വൻ അഴിമതി ആരോപണം ഉയർന്നിരുന്നു.